കാസര്‍കോട് അധ്യാപകരും ഹെല്‍പ്പ് ഡെസ്‌ക് ഡ്യൂട്ടിക്ക് ഇറങ്ങണം; മൂന്നു ഷിഫ്റ്റുകളിലായി എട്ടുമണിക്കൂര്‍ ജോലി

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ കാസര്‍കോട് സ്ഥാപിച്ച ഹെല്‍പ്പ് ഡെസ്‌കുകളില്‍ അധ്യാപകരും ഡ്യൂട്ടിക്ക് എത്തണം
കാസര്‍കോട് അധ്യാപകരും ഹെല്‍പ്പ് ഡെസ്‌ക് ഡ്യൂട്ടിക്ക് ഇറങ്ങണം; മൂന്നു ഷിഫ്റ്റുകളിലായി എട്ടുമണിക്കൂര്‍ ജോലി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ കാസര്‍കോട് സ്ഥാപിച്ച ഹെല്‍പ്പ് ഡെസ്‌കുകളില്‍ അധ്യാപകരും ഡ്യൂട്ടിക്ക് എത്തണം. മൂന്നു ഷിഫ്റ്റുകളായി എട്ടു മണിക്കൂര്‍ വീതമാണ് ജോലി ചെയ്യേണ്ടത്. 

തലപ്പാടി ചെക്ക്‌പോസ്റ്റില്‍ നൂറ് ഹെല്‍പ്പ് ഡെസ്‌കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കര്‍ണ്ണാടക അതിര്‍ത്തിയില്‍നിന്നും ജില്ലാ അതിര്‍ത്തിയിലെത്തുന്ന ഓരോ വാഹനത്തിനും ആര്‍ ടി ഒ, പൊലീസ് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കും. ഒന്നു മുതല്‍ 100 വരെയുള്ള ടോക്കണാണ് നല്‍കുക. ടോക്കണിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഹെല്‍പ് ഡെസ്‌ക്കുകളിലേക്ക് ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവരെ രേഖകള്‍ പരിശോധിക്കുന്നതിന് കടത്തി വിടൂ. വാഹനത്തില്‍ നിന്ന് ക്യാപ്റ്റന്‍/ഡ്രൈവര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാകു.

നാല് സീറ്റ് വാഹനത്തില്‍ മൂന്ന് പേരും ഏഴ് സീറ്റ് വാഹനത്തില്‍ അഞ്ചു പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. ക്യാപ്റ്റന്‍/ഡ്രൈവര്‍ എന്നിവര്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഒരു ജെഎച്ച്‌ഐ, ആര്‍ ടി ഒ റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം വാഹനം പരിശോധിച്ച് യാത്രക്കാരുടെ എണ്ണം, രോഗവിവരങ്ങള്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം, നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തും.ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും. 

പരിശോധനയ്ക്കു് ശേഷം ജില്ലയിലുളളവരാണെങ്കില്‍ അവരെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കും. മറ്റ് ജില്ലയിലുളളവരാണെങ്കില്‍ സ്വദേശത്ത് എത്തിക്കുന്നതിന് അവരുടെ ചെലവില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു .തയ്യാറാക്കിയിട്ടുളള ഹെല്‍പ് ഡെസ്‌ക്കുകളില്‍ ഓരോ അര മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കുന്നതിന് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസറെ ചുമതലപ്പെടുത്തി.

രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനായി ജില്ലയില്‍ ലഭ്യമായ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുളള ആംബുലന്‍സുകളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് തയ്യാറാക്കി അടിയന്തിര സേവനത്തിന് ഉപയോഗിക്കേണ്ട ആംബുലന്‍സുകള്‍ ഒഴിച്ച് ഹെല്‍പ് ഡെസ്‌ക്കുകളില്‍ സജ്ജമാക്കി നിര്‍ത്തും. തലപ്പാടിയില്‍ സജ്ജീകരിച്ചിട്ടുളള ഹെല്‍പ് ഡെസ്‌ക്കുകളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരുന്നതിന് കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും തലപ്പാടിയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് കെ എസ് ആര്‍ ടി സി ബസ്സ് ഏര്‍പ്പെടുത്തും.

20 ഹെല്‍പ് ഡെസ്‌ക്കുകള്‍ക്ക് ഒരാളെന്ന തോതില്‍ 100 ഹെല്‍പ് ഡെസ്‌ക്കുകളില്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും മൂന്നു ഷിഫ്റ്റുകളായി 15 സംരംഭകരെ നിയോഗിക്കും. കാസര്‍കോട് ആര്‍ഡിഒയുടെ അസാന്നിധ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനുള്ള താല്കാലിക ചുമതല ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കാണ്.

ജില്ലാ അതിര്‍ത്തി കടന്ന് ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കൂടുതല്‍ ആളുകള്‍ വാഹനത്തില്‍ എത്തിച്ചേരാന്‍ സാധ്യത കാണുന്നതിനാല്‍ മെയ് നാല് മുതല്‍ ആദ്യത്തെ നാലു ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുളള സംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com