പ്രവാസികളുടെ മടക്കം ഈ ആഴ്ച മുതല്‍; ആദ്യ സംഘം മാലിയില്‍ നിന്ന്, കൊച്ചിയില്‍ എത്തുന്നത് 200പേര്‍

ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആദ്യ സംഘം ഈ ആഴ്ച പുറപ്പെടും. മാലിയില്‍ നിന്ന് 200പേരുടെ ആദ്യ സംഘം ഈ ആഴ്ച കൊച്ചിയിലെത്തും
പ്രവാസികളുടെ മടക്കം ഈ ആഴ്ച മുതല്‍; ആദ്യ സംഘം മാലിയില്‍ നിന്ന്, കൊച്ചിയില്‍ എത്തുന്നത് 200പേര്‍


ന്യൂഡല്‍ഹി/കൊച്ചി: ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ആദ്യ സംഘം ഈ ആഴ്ച പുറപ്പെടും. മാലിയില്‍ നിന്ന് 200പേരുടെ ആദ്യ സംഘം ഈ ആഴ്ച കൊച്ചിയിലെത്തും. കപ്പല്‍ മാര്‍ഗമാണ് ഇവരെ കൊച്ചിയില്‍ എത്തിക്കുക. ഇവരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജിയര്‍ തയ്യാറാക്കി കഴിഞ്ഞു. കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം കൊറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ കൊറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ വഹിക്കണം.

പതിനാല് ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കും എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കൊച്ചിയില്‍ നിന്നുള്ള മടക്ക യാത്രയ്ക്ക് ഉള്ള ചെലവും പ്രവാസി വഹിക്കണം. മാലിയില്‍ നിന്ന് പ്രവാസികളെ മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള ചീഫ് സെക്രട്ടറി ടോം ജോസുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചര്‍ച്ച നടത്തിയിരുന്നു. 

ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ആണ് മടങ്ങാന്‍ ഉള്ള പട്ടികയില്‍ മുന്‍ഗണന ലഭിക്കുക. അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്‍തൂക്കം ലഭിക്കും. മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് പട്ടിക തയ്യാറാക്കുക.

നാല്പത്തിയെട്ട് മണിക്കൂറാണ് മാലി ദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താനുള്ള സമയം. കാലവര്‍ഷത്തിന് മുമ്പുള്ള സമയം ആയതിനാല്‍ കടല്‍ ക്ഷോഭത്തിന് ഉള്ള സാധ്യതയുണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇ മെയില്‍ മുഖേനെ അറിയിക്കും. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെയാണ് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com