മന്ത്രിയുടെ ഉറപ്പ് പാഴായി; അരിപ്പ ഭൂസമരത്തിലെ ജനങ്ങള്‍ ഇപ്പോഴും പട്ടിണിയില്‍, നൂറോളം കുടുംബങ്ങള്‍ ജീവിക്കുന്നത് 30കുടുംബങ്ങളുടെ റേഷന്‍ പകുത്തെടുത്ത്

ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണവും റേഷനും കിട്ടുന്നില്ലെന്ന പരാതിയുമായി അരിപ്പയില്‍ കുടില്‍കെട്ടി സമരം നടത്തുന്നവര്‍ രംഗത്ത്
മന്ത്രിയുടെ ഉറപ്പ് പാഴായി; അരിപ്പ ഭൂസമരത്തിലെ ജനങ്ങള്‍ ഇപ്പോഴും പട്ടിണിയില്‍, നൂറോളം കുടുംബങ്ങള്‍ ജീവിക്കുന്നത് 30കുടുംബങ്ങളുടെ റേഷന്‍ പകുത്തെടുത്ത്



അരിപ്പ: ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണവും റേഷനും കിട്ടുന്നില്ലെന്ന പരാതിയുമായി അരിപ്പയില്‍ കുടില്‍കെട്ടി സമരം നടത്തുന്നവര്‍ രംഗത്ത്. നൂറ്റി അറുപതോളം കുടുംബങ്ങളാണ് അരിപ്പയിലെ കുടില്‍ കെട്ടി സമരഭൂമിയില്‍ നിലവിലുള്ളത്. ഇതില്‍ മുപ്പത് കുടുംബങ്ങള്‍ക്ക് മാത്രമാണ് റേഷന്‍ കാര്‍ഡുള്ളത്. ബാക്കിയുള്ളവരെ സര്‍ക്കാര്‍ അവഗണിക്കുകയാണ് എന്നാണ് സമരസമിതിയുടെ ആരോപണം. 

സമരഭൂമിയിലുള്ളവര്‍ക്ക് ലോക്ക്ഡൗണ്‍ പ്രമാണിച്ച് സൗജന്യ റേഷന്‍ നല്‍കുമെന്ന് മന്ത്രി കെ രാജു പറഞ്ഞിരുന്നു. ജില്ലാ സപ്ലൈ ഓഫീസറെയാണ് കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കുന്ന നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ലിസ്റ്റ് എടുത്തിട്ട് പോയതല്ലാതെ മറ്റു നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സമര സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ പറയുന്നു. 

രണ്ടു വിഭാഗമായിട്ടാണ് അരിപ്പയില്‍ ഭൂസമയം നടക്കുന്നത്. ഇതില്‍ പത്തു സെന്റ് ഭൂമിക്ക് വേണ്ടി സമരം നടത്തുന്ന തദ്ദേശീയവരായവര്‍ക്ക് മാത്രമാണ് റേഷന്‍ വിതരണം ചെയ്തതെന്നും ഭൂരിപക്ഷം വരുന്ന തങ്ങളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ശ്രീരാമന്‍ പറയുന്നു.

സമരഭൂമിയില്‍ യാതൊരുതരത്തിലുള്ള ഭക്ഷ്യ ക്ഷാമവുമില്ലെന്നാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും ശ്രീരാമന്‍ വ്യക്തമാക്കുന്നു. 

സമരഭൂമിയില്‍ കൃഷി ചെയ്യുന്നത് സര്‍ക്കാര്‍ വിലക്കിയതോടെ, സ്വന്തം നിലയ്ക്ക് ഭക്ഷണം കണ്ടെത്താമെന്ന വഴിയും അടഞ്ഞു. ആകെ ഇവര്‍ക്കുണ്ടായിരുന്ന വരുമാനം ഓയില്‍പാം ഇന്ത്യയുടെ എണ്ണപ്പന തോട്ടത്തില്‍ നിന്നും ശേഖരിക്കുന്ന ഓലകളില്‍ നിന്നും ഉണ്ടാക്കുന്ന ചൂലു വില്‍ക്കുന്നത് വഴി ലഭിക്കുന്ന പണമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത് നിന്നു. റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ലഭിച്ച അരിയില്‍ നിന്ന് പകുത്തെടുത്താണ് ജീവിതം മുന്നോട്ടു നീക്കുന്നതെന്ന് ഇവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com