പ്രവാസികളുമായി ജലാശ്വ ഇന്ന് കൊച്ചിയിലെത്തും ; കപ്പലിൽ 19 ഗര്‍ഭിണികൾ അടക്കം 698 പേർ

ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ ഭാഗമായ ആദ്യ കപ്പൽ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപിൽ നിന്ന് യാത്ര തിരിച്ചത്
പ്രവാസികളുമായി ജലാശ്വ ഇന്ന് കൊച്ചിയിലെത്തും ; കപ്പലിൽ 19 ഗര്‍ഭിണികൾ അടക്കം 698 പേർ

കൊച്ചി : മാലദ്വീപിൽ നിന്നുള്ള പ്രവാസികളുമായി ഇന്ത്യൻ നാവികസേനയുടെ ആദ്യ കപ്പൽ ഇന്ന് കൊച്ചിയിലെത്തും. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് രാവിലെ 10 മണിയോടെ കൊച്ചി തീരത്തണയുന്നത്. വെള്ളിയാഴ്ച രാത്രി യാത്ര തിരിച്ച നാവികസേന കപ്പലായ ഐഎൻഎസ് ജലാശ്വയിൽ 698 യാത്രക്കാരാണുള്ളത്.

കടൽമാർഗ്ഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ ഭാഗമായ ആദ്യ കപ്പൽ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപിൽ നിന്ന് യാത്ര തിരിച്ചത്. കപ്പലിലുള്ള 698 പേരിൽ  595 പുരുഷന്‍മാരും 103 സ്ത്രീകളും, 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. തുറമുഖത്തെത്തുന്ന പ്രവാസികളെ പരിശോധിക്കുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനും എല്ലാ ക്രമീകരണങ്ങളും കൊച്ചിയിൽ സജ്ജമാക്കിയിട്ടുണ്ട്.

പരിശോധനകളെല്ലാം പൂർത്തിയാക്കിയതിന് ശേഷമാണ് ഇവരെ കപ്പലിൽ കയറ്റിയത്. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണറേറ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിലെത്തിയവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവരാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചത്. പ്രവാസികളെ കൊണ്ടുവരാനായി  ഐഎൻഎസ് ജലാശ്വക്ക് പുറമേ നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗറും മാലദ്വീപിൽ എത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com