നൂറു കിലോ ഭാരമുള്ള കാട്ടുപന്നിയെ വെടിവച്ചു കൊന്നു

നൂറു കിലോ ഭാരമുള്ള കാട്ടുപന്നിയെ വെടിവച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: കൃഷി നാശം വരുത്തിയ കാട്ടുപന്നിയെ  വനംവകുപ്പു സ്‌ക്വാഡ് വെടിവച്ചുകൊന്നു. വ്യാഴാഴ്ച രാത്രി  11.20 ന്   അരുവാപ്പുലം  സര്‍ക്കാര്‍ തടി ഡിപ്പോയ്ക്കും 1931 തേക്കു തോട്ടത്തിനും വടക്കുമാറിയാണ് പന്നിയെ വെടിവച്ചു വീഴ്ത്തിയത്.

വെഞ്ചോലില്‍ അനിതകുമാരിയുടെ ഉടമസ്ഥതയിലുളള  റബ്ബര്‍ തോട്ടത്തിനും കൃഷിയിടത്തിനും ഇടയില്‍ 50 മീറ്റര്‍ ഉളളില്‍  കൃഷിനാശം  വരുത്തുന്ന കാട്ടുപന്നികളെ  കോന്നി  റെയിഞ്ച്  ഫോറസ്റ്റ് ഓഫീസര്‍ ജെ.സി.സലിന്‍ ജോസിന്റെ  നേതൃത്വത്തിലുളള  സംഘം  കണ്ടെത്തി വെടിയുതിര്‍ക്കുകയായിരുന്നു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജെ.സി. സലിന്‍ ജോസിന്റെ തോക്കില്‍ നിന്നു വെടിയേറ്റ  അഞ്ചു വയസ് തോന്നിക്കുന്ന പെണ്‍ കാട്ടുപന്നിയാണ് വെടിയേറ്റി വീണത്. രാത്രി 7.30 ന്  ഇവിടെ നിന്നു 300 മീറ്റര്‍ മാറി  സന്തോഷ് എന്ന ആളിന്റെ  കൃഷിസ്ഥലത്ത് മറ്റൊരു  കാട്ടുപന്നിയെ വെടിവച്ചെങ്കിലും വെടിയേറ്റ ശേഷം അത് ഓടിപ്പോയതായി കോന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍  അറിയിച്ചു.  

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം  കാട്ടുപന്നിയുടെ  മൃതശരീരം  റബര്‍തോട്ടത്തില്‍ തന്നെ  അഞ്ച്  അടി  താഴ്ചയില്‍  കുഴിയെടുത്ത്  മണ്ണെണ്ണ ഒഴിച്ച ശേഷം  മറവുചെയ്തു. നൂറു കിലോ ഭാരമുണ്ടായിരുന്നു.

നിരന്തരം കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ  കാട്ടുപന്നികളെ  നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന്  2014 മുതല്‍  സര്‍ക്കാര്‍  ഉത്തരവ് നിലവിലുണ്ടായിരുന്നു.  ഇതില്‍ ചില  പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉളളതായി കണ്ട് 2019 ഫെബ്രുവരിയില്‍  സര്‍ക്കാര്‍ ഉത്തരവ്  ഭേദഗതി  ചെയ്തു.  ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com