കേരളത്തിന്റെ തലവര മാറ്റിയ വിപ്ലവത്തിന് തുടക്കമിട്ട നായനാരുടെ മൂന്ന് ചോദ്യങ്ങള്‍; ഓര്‍മ്മക്കുറിപ്പ്

ഒന്നാമത്തെ ചോദ്യം: ഹൗ ഓള്‍ഡ് ആര്‍ യു? മറുപടി: 42. രണ്ടാമത്തെ ചോദ്യം: ഹൗ മച്ച് സാലറി? മറുപടി: 12 ഡോളര്‍. എടോ ഇതു നമ്മുടെ നാട്ടിലേക്കാളും കഷ്ടമാണല്ലോ...
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓര്‍മ്മദിനമാണ് ഇന്ന്. കേരളത്തെ മാറ്റിമറിച്ച ഒരുപിടി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച ഇ കെ നായനാരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മന്ത്രി കടംകപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ തലവര മാറ്റിവരച്ച പദ്ധതികളിലൊന്നായ ടെക്‌നോപാര്‍ക്ക് സ്ഥാപിക്കുന്നതിലേക്ക് നയിച്ച സംഭവത്തെക്കുറിച്ചാണ് മന്ത്രി ഓര്‍ത്തെടുക്കുന്നത്. 

കേരളത്തെ മാറ്റി മറിച്ച ഒരു പിടി പുരോഗമന നയങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വികസന കാഴ്ചപ്പാടോടെ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച നേതാവാണ് സ.ഇ.കെ.നായനാര്‍. ഇന്ത്യയിലെ ആദ്യ ഐ.ടി ഹബ്ബായ ടെക്‌നോപാര്‍ക്ക് മാത്രമല്ല, ജനകീയാസൂത്രണം, സാക്ഷരതാ മിഷന്‍, ക്ഷേമ പെന്‍ഷന്‍, കേരളത്തിലെ സ്‌കൂളുകളില്‍ സാര്‍വ്വത്രികമായി ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തല്‍ ഉള്‍പ്പടെ ഒരു കൂട്ടം ജനക്ഷേമ പദ്ധതികള്‍ കേരളം ആരംഭിച്ചത് നായനാരുടെ ഭരണ നേതൃത്വത്തിന് കീഴിലാണ്.- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കടകംപള്ളി സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: 


അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെ ആപ്പിള്‍ കമ്പനി സന്ദര്‍ശിക്കുന്ന വേളയില്‍ അവിടെ വച്ച് കണ്ടുമുട്ടിയ മെക്‌സിക്കോക്കാരിയോടു സ: ഇ.കെ. നായനാര്‍ക്ക് ചോദിക്കാന്‍ ഉണ്ടായിരുന്നത് രണ്ടു ചോദ്യങ്ങളാണ്. ഒന്നാമത്തെ ചോദ്യം: ഹൗ ഓള്‍ഡ് ആര്‍ യു? മറുപടി: 42. രണ്ടാമത്തെ ചോദ്യം: ഹൗ മച്ച് സാലറി? മറുപടി: 12 ഡോളര്‍. എടോ ഇതു നമ്മുടെ നാട്ടിലേക്കാളും കഷ്ടമാണല്ലോ എന്നു നിരാശപ്പെട്ട നായനാരോട് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു - സര്‍, മാസശമ്പളമല്ല, ഒരു മണിക്കൂറിലെ ശമ്പളമാണ് 12 ഡോളര്‍. ശെടാ, അതു നമ്മുടെ ചീഫ് സെക്രട്ടറിയെക്കാള്‍ കൂടുതലാണല്ലോ എന്ന് ആശ്ചര്യപ്പെട്ടതിനു ശേഷം കൂടെയുള്ളവരോട് നായനാരുടെ മൂന്നാമത്തെ ചോദ്യം - എടോ ഇതുപോലൊരെണ്ണം നമുക്കു തുടങ്ങിയാലെന്താ? കേരളത്തിന്റെ തലവര മാറ്റിയ ഐടി വിപ്ലവത്തിനു തുടക്കമിട്ട മൂന്നു ചോദ്യങ്ങള്‍.

വര്‍ഷം 1989. നായനാരുടെ കൂടെയുണ്ടായിരുന്നത് അന്നത്തെ മന്ത്രിമാരായിരുന്ന കെ.ആര്‍. ഗൗരിയമ്മ, ബേബി ജോണ്‍, വ്യവസായ ഉപദേഷ്ടാവ് കെ.പി.പി. നമ്പ്യാര്‍. സിലിക്കണ്‍ വാലിയില്‍ വഴികാട്ടിയായി പോയത് ജി. വിജയരാഘവന്‍. ഐടി എന്ന വാക്കു പോലും പരിചിതമല്ലാത്ത കാലത്ത് ടെക്‌നോളജി പാര്‍ക്ക് എന്ന ഭ്രാന്തന്‍ സ്വപ്നത്തിനു പിന്നാലെ പോയവര്‍ക്കു കിട്ടിയ അംഗീകാരം കൂടിയായിരുന്നു നായനാരുടെ ചോദ്യം.

ആ സ്വപ്നം സഫലമായിട്ടിന്ന് കാല്‍ നൂറ്റാണ്ടിലധികമായി. 5000 പേര്‍ക്കു നേരിട്ടു ജോലി നല്‍കാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് അരലക്ഷത്തിലധികം പേര്‍. പരോക്ഷമായി തൊഴില്‍ ലഭിക്കുന്നത് മൂന്നു ലക്ഷത്തോളം പേര്‍ക്ക്. കേരളം ബിസിനസ് തുടങ്ങാന്‍ പറ്റിയ നാടല്ലെന്ന വിശ്വാസത്തെയും പ്രചാരണത്തെയും അതിജീവിച്ച് ലോക ഐടി ഭൂപടത്തില്‍ സ്വന്തമായി ഇടം നേടിയെടുത്ത മുന്നേറ്റം. അതായിരുന്നു സഖാവ് ഇ.കെ.നായനാര്‍.

കേരളത്തെ മാറ്റി മറിച്ച ഒരു പിടി പുരോഗമന നയങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വികസന കാഴ്ചപ്പാടോടെ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച നേതാവാണ് സ.ഇ.കെ.നായനാര്‍. ഇന്ത്യയിലെ ആദ്യ ഐ.ടി ഹബ്ബായ ടെക്‌നോപാര്‍ക്ക് മാത്രമല്ല, ജനകീയാസൂത്രണം, സാക്ഷരതാ മിഷന്‍, ക്ഷേമ പെന്‍ഷന്‍, കേരളത്തിലെ സ്‌കൂളുകളില്‍ സാര്‍വ്വത്രികമായി ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തല്‍ ഉള്‍പ്പടെ ഒരു കൂട്ടം ജനക്ഷേമ പദ്ധതികള്‍ കേരളം ആരംഭിച്ചത് നായനാരുടെ ഭരണ നേതൃത്വത്തിന് കീഴിലാണ്.

ഇന്ന് മെയ് 19, സഖാവ് നായനാര്‍ ദിനം. സഖാവിന്റെ ഒരിക്കലും മരിക്കാത്ത വിപ്ലവ സ്മരണകള്‍ക്കു മുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. ലാല്‍സലാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com