എസ്എസ്എല്‍സി പരീക്ഷാകേന്ദ്രങ്ങള്‍ ഗള്‍ഫിലും; സംസ്ഥാനത്തെ അതേ സമയക്രമം

യുഎഇയില്‍ എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ അനുമതി
എസ്എസ്എല്‍സി പരീക്ഷാകേന്ദ്രങ്ങള്‍ ഗള്‍ഫിലും; സംസ്ഥാനത്തെ അതേ സമയക്രമം

തിരുവനന്തപുരം: യുഎഇയില്‍ എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ അനുമതി. സംസ്ഥാനത്തെ അതേ സമയക്രമത്തില്‍ തന്നെ പരീക്ഷ നടത്താനാണ്
യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാവും ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ പരീക്ഷ നടത്തുക. അതിനിടെ, പരീക്ഷാകേന്ദ്രങ്ങള്‍ മാറാന്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത്‌ അപേക്ഷ നല്‍കി. വിവിധ ജില്ലകളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കിയത്. 1866 എസ്എസ്എല്‍സി വിദ്യാര്‍ഥികളും 8835 പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍ മാറാന്‍ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്‍കിയത്.

അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍  മെയ് 26 മുതല്‍ മെയ് 30 വരെ  നടത്താന്‍ കഴിഞ്ഞദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതേ സമയക്രമത്തില്‍ തന്നെ യുഎഇയില്‍ എസ്എസ്എല്‍സി പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. 

കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ അനുമതി ലഭിച്ച മുറയ്ക്കാണ് മുന്‍ നിശ്ചയപ്രകാരം പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.പരീക്ഷ ടൈംടേബിളുകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ കേന്ദ്ര സര്‍ക്കാരിന്റെ് അനുമതി ലഭ്യമാകാന്‍ വൈകിയത് കാരണം ചില തടസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ പരീക്ഷകള്‍ നിശ്ചയിച്ചിരുന്ന പോലെ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആവശ്യമായ മുന്‍കരുതലുകളും ഗതാഗതസൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

26ാം തിയതി കണക്കും, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് പത്താംക്ലാസ് പരീക്ഷകള്‍. ഹയര്‍സെക്കന്‍ഡറിയുടെ ബയോളജി, സുവോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തുടങ്ങി ഏഴ് പരീക്ഷകള്‍ 27ാം തിയതി നടക്കും. 28ന് ബിസിനസ് സ്റ്റഡീസ് അടക്കം നാല് പരീക്ഷകളും, 29ന് ഹിസ്റ്ററി അടക്കം അഞ്ച് പരീക്ഷകളും, 30ാം തിയതി കണക്ക് അടക്കം മൂന്ന് പരീക്ഷകളുമാണ് നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com