അവര്‍ക്കൊപ്പം വളര്‍ന്നാല്‍ അവന്‍ എങ്ങനെയിരിക്കും ? ; ചെറുമകനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ അച്ഛന്‍

കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വിജയസേനന്‍
അവര്‍ക്കൊപ്പം വളര്‍ന്നാല്‍ അവന്‍ എങ്ങനെയിരിക്കും ? ; ചെറുമകനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ അച്ഛന്‍

കൊല്ലം : കൊല്ലം അഞ്ചലില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ ഒന്നരവയസ്സുകാരന്‍ മകനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അച്ഛന്‍ വിജയസേനന്‍. സൂരജിന്റെ വീട്ടുകാര്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാണ്. അവര്‍ക്കൊപ്പം വളര്‍ന്നാല്‍ അവന്‍ എങ്ങനെയിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വിജയസേനന്‍ പറഞ്ഞു.

മാസങ്ങള്‍ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമാണ് പ്രതി കൊലപാതകം നടത്തിയിട്ടുള്ളത്. ഉത്രയ്ക്ക് ആദ്യ തവണ പാമ്പുകടിയേറ്റിട്ടും വളരെ വൈകിയാണ് ചികില്‍സ നല്‍കിയത്. ഇതോടെ ഈ കൃത്യത്തില്‍ പ്രതിയുടെ വീട്ടുകാര്‍ക്കും അറിവുണ്ടോയെന്ന് സംശയമുണ്ട്. പണത്തിനായി ഉത്രയുടെ മേല്‍ വീട്ടുകാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും വിജയസേനന്‍ പറഞ്ഞു. ഉത്രയുടെ കുട്ടി ഇപ്പോള്‍ സൂരജിന്റെ പറക്കോട്ടെ വീട്ടിലാണുള്ളത്.

മെയ് ഏഴിനാണ് ഉത്ര വീട്ടിലെ മുറിയില്‍ പാമ്പുകടിയേറ്റ് മരിക്കുന്നത്. ആദ്യം സൂരജിന്റെ പറക്കോട്ടുള്ള വീട്ടില്‍ വെച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. അതിന്റെ ചികില്‍സയ്ക്കായാണ് ഉത്രയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. സ്വന്തം വീട്ടിലെ എസി മുറിയില്‍ വെച്ചാണ് രണ്ടാമതും പാമ്പുകടിയേല്‍ക്കുന്നത്.

രാവിലെ പ്രതി സൂരജിനെയും കൊണ്ട് പൊലീസ് ഉത്രയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ വീടിന്റെ സമീപത്തെ പറമ്പില്‍ നിന്നും ഉത്രയെ കടിപ്പിച്ച മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ കണ്ടെടുത്തു. സൂരജ് തന്നെയാണ് പ്ലാസ്റ്റിക് ജാര്‍ പൊലീസിന് കാട്ടിക്കൊടുത്തത്. പ്രതി സൂരജിനെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com