എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ഇന്നുമുതൽ; അതീവ സുരക്ഷാസന്നാഹങ്ങൾ

കോവിഡിനിടെ അസാധാരണ സുരക്ഷാ സന്നാഹങ്ങളോടെയാണ് പരീക്ഷ
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ഇന്നുമുതൽ; അതീവ സുരക്ഷാസന്നാഹങ്ങൾ

തിരുവനന്തപുരം: അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നു പുനരാരംഭിക്കുന്നു. കോവിഡിനിടെ അസാധാരണ സുരക്ഷാ സന്നാഹങ്ങളോടെയാണ് പരീക്ഷ. ലോക്ക്ഡൗൺ തീരുംമുൻപേ പരീക്ഷകൾ നടത്തുന്നതു തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. മാർഗനിർദേശങ്ങൾ അനുസരിച്ചും സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിച്ചുമാണ് പരീക്ഷകൾ നടത്തുന്നതെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു. 

13 ലക്ഷത്തോളം കുട്ടികളാണു 30 വരെ പരീക്ഷ എഴുതുന്നത്. ഇന്നു മാത്രം 4,78,795 കുട്ടികൾ പരീക്ഷയെഴുതും. ഇന്നു രാവിലെ 9.45നു വിഎച്ച്എസ്ഇ ഒന്നും രണ്ടും വർഷ പരീക്ഷകളും ഉച്ചയ്ക്ക് 1.45ന് എസ്എസ്എൽസി കണക്കു പരീക്ഷയും നടക്കും. നാളെ രാവിലെ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ തുടങ്ങും. അര മണിക്കൂർ മുൻപെങ്കിലും വിദ്യാർഥികൾ സ്കൂളിലെത്തണം.

കെഎസ്ആർടിസി 343 അധിക സർവീസുകൾ നടത്തും. വിദ്യാർഥികൾ പകുതി നിരക്ക് നൽകിയാൽ മതി. കുട്ടികളുമായുള്ള വാഹനങ്ങൾ ഒരിടത്തും തടയരുതെന്നും ഇക്കാര്യം ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. 

എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഫയർ ഫോഴ്സ് അണുവിമുക്തമാക്കി. എല്ലാ വിദ്യാർഥികളെയും തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിച്ച് പനിയില്ലെന്ന് ഉറപ്പാക്കും. ഒരു ക്ലാസിൽ പരമാവധി 20 കുട്ടികൾ. ഉത്തരക്കടലാസ് പ്ലാസ്റ്റിക്, പേപ്പർ കവറുകളിലാക്കും. 7 ദിവസം കഴി‍ഞ്ഞേ മൂല്യനിർണയം നടത്തൂ. 

വിദ്യാർഥികൾ പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയാൽ ഉടൻ സോപ്പ് തേച്ച് കുളിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഉപയോഗം കഴിഞ്ഞ ഗ്ലൗസ് ഐഎംഎയുടെ സഹായത്തോടെ ശേഖരിച്ച് സംസ്കരിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com