എം ജി സര്‍വകലാശാല ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നു മുതല്‍ ; ലോക്ക്ഡൗണില്‍പ്പെട്ടവര്‍ക്ക് താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതാം

ജൂണ്‍ 8,9,10 തീയതികളില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതത് കോളജുകളില്‍ നടക്കും
ഫയൽ ചിത്രം
ഫയൽ ചിത്രം

കോട്ടയം:  കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും. ജൂണ്‍ 1,3,5,6 തീയതികളിലായി പരീക്ഷകള്‍ പൂര്‍ത്തിയാക്കും.
വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

ജൂണ്‍ 8,9,10 തീയതികളില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അതത് കോളജുകളില്‍ നടക്കും. പ്രോജക്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളില്‍ പൂര്‍ത്തീകരിക്കും. ജൂണ്‍ 12ന് പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്ക് സര്‍വകലാശാലയ്ക്കു നല്‍കണം. കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇത്തവണ എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍മാരെ നിയമിക്കില്ല. അതത് കോളജിലെ അധ്യാപകര്‍ക്കാണ് ചുമതല. ജൂണ്‍ 11 മുതല്‍ ഹോംവാല്യുവേഷന്‍ രീതിയില്‍ മൂല്യനിര്‍ണയം ആരംഭിക്കും.

അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ് ബിരുദ പരീക്ഷകള്‍ ജൂണ്‍ 8,9,10,11,12 തീയതികളിലായി നടക്കും. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ 15ന് ആരംഭിക്കും.  രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം അതതു കോളജുകളില്‍ നടത്തും. പരീക്ഷ നടത്തിപ്പിനാവശ്യമായ തയാറെടുപ്പുകള്‍ കോളജുകള്‍ അടിയന്തരമായി നടത്തണമെന്ന് വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ നടത്തുക.

ലോക്ഡൗണ്‍ മൂലം മറ്റു ജില്ലകളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ പരീക്ഷയെഴുതുന്നതിന് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കും. പരീക്ഷ നടത്തിപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജ് പ്രിന്‍സിപ്പല്‍മാരുമായി വൈസ് ചാന്‍സലര്‍ വിഡിയോ കോണ്‍ഫറന്‍സ് നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com