പരാതിക്കാരന്റെ ലക്ഷ്യം ബ്ലാക്ക്‌മെയിലിങ്; പത്ത് ലക്ഷം ആവശ്യപ്പെട്ടു; ഇബ്രാഹിം കുഞ്ഞ്

തനിക്കെതിരെ പൊതുതാത്പര്യഹര്‍ജി നല്‍കിയ ഗിരീഷ് പത്ത് ലക്ഷം രൂപ പണം ആവശ്യപ്പെട്ടതായി മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്
പരാതിക്കാരന്റെ ലക്ഷ്യം ബ്ലാക്ക്‌മെയിലിങ്; പത്ത് ലക്ഷം ആവശ്യപ്പെട്ടു; ഇബ്രാഹിം കുഞ്ഞ്

കൊച്ചി: തനിക്കെതിരെ പൊതുതാത്പര്യഹര്‍ജി നല്‍കിയ ഗിരീഷ് പത്ത് ലക്ഷം രൂപ പണം ആവശ്യപ്പെട്ടതായി മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. കള്ളപ്പണക്കേസില്‍ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും, കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്‌തെന്ന കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം.

പണം ആവശ്യപ്പെട്ട് ഗിരീഷ് രണ്ട് തവണ തന്നെ കാണാന്‍ വന്നിരുന്നു. തെറ്റിദ്ധാരണ കൊണ്ടാണ് പരാതി നല്‍കിയത്. തനിക്ക് സാമ്പത്തികമായി ഏറെ പ്രയാസമുണ്ടെന്നും ഗിരീഷ് പറഞ്ഞതായും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഹൈക്കോടതിയുടെ മുന്നിലുള്ള ഒരു കേസില്‍ എങ്ങനെയാണ് പരാതി പിന്‍വലിക്കാനാവുക. അതെല്ലാവര്‍ക്കും അറിയുന്നതല്ലേ. ഈ പരാതിയിലൂടെ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്ട്രര്‍ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ നിന്ന് പിന്മാറാന്‍ ഇബ്രാഹിം കുഞ്ഞ് അഞ്ചുലക്ഷം വാഗ്ദാനം ചെയ്‌തെന്നാണ് ഗിരീഷ് ബാബുവിന്റെ ആരോപണം. ഇബ്രഹിം കുഞ്ഞിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കേസ് പിന്‍വലിക്കാന്‍ കഴിയില്ലെങ്കില്‍ എറണാകുളത്തെ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നല്‍കിയതെന്ന് കത്ത് നല്‍കാനും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടതായി ഗിരീഷ്ബാബു പറയുന്നു. പാലാരിവട്ടം പാലം അഴിമതിയില്‍ നിന്ന് ലഭിച്ച കള്ളപ്പണം ആണിതെന്നാണ് ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com