ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു; ഒരുദിവസം ആയിരംപേര്‍ക്ക് പ്രവേശനം

ശബരിമല ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമായ വെര്‍ച്വല്‍ ക്യുവിലേക്കുള്ള ബുക്കിങ് സൗകര്യം ആരംഭിച്ചു.
ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു; ഒരുദിവസം ആയിരംപേര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമായ വെര്‍ച്വല്‍ ക്യുവിലേക്കുള്ള ബുക്കിങ് സൗകര്യം ആരംഭിച്ചു. www.sabarimalaonline.org എന്ന പോര്‍ട്ടലിലൂടെ ഈ സംവിധാനം ലഭ്യമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 1000 പേര്‍ക്കും, ശനി ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കും മാത്രമാണ് ദര്‍ശനത്തിന് അനുവാദം നല്‍കുക. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളില്‍ 5000 പേര്‍ക്കും ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും.

നവംബര്‍ 16 മുതലാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പ്രവേശനം. ഭക്തര്‍ക്ക് നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും ഉണ്ടായിരിക്കണം.  24 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഭക്തര്‍ കയ്യില്‍ കരുതേണ്ടത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്യാതയും വരുന്ന ഭക്തരെ  സന്നിധാനത്തേക്ക് കടത്തിവിടില്ല.

നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും ശബരിമലയിലേക്ക് കടന്നുവരുന്ന ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും കോവിഡ് പരിശോധന സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെറിയ വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടും. നിലക്കലിലെത്തി പാര്‍ക്ക് ചെയ്യണം.സ്വാമി അയ്യപ്പന്‍ റോഡിലൂടെ മരക്കൂട്ടത്തെത്തി, ചന്ദ്രാനന്ദന്‍ റോഡ് വഴിയാണ് ഭക്തര്‍ സന്നിധാനത്ത് എത്തേണ്ടത്. പതിനെട്ടാം പടി മുകളില്‍ ഫ്‌ലൈ ഓവര്‍ ഒഴിവാക്കി കൊടിമരത്തിന് വലതുവശത്തു കൂടി ശ്രീകോവിലിന് മുന്നില്‍ എത്തണം.

നെയ്യഭിഷേകത്തിന് പ്രത്യേക കൗണ്ടര്‍ സൗകര്യം ഉണ്ടായിരിക്കും. മറ്റൊരു കൗണ്ടറിലൂടെ ആടിയ ശിഷ്ടം നെയ്യ് വിതരണം ചെയ്യും. തന്ത്രിയെയും മേല്‍ശാന്തിയെയും കാണാന്‍ ഭക്തരെ അനുവദിക്കില്ല. വിരി വെക്കാനും താമസസൗകര്യവും അനുവദിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com