'ഡല്‍ഹിയില്‍ ആളുണ്ട്, പിടിച്ചാലും ഊരിപ്പോരാം'; സ്വര്‍ണം തടഞ്ഞുവച്ചപ്പോള്‍ റമീസ് സരിത്തിന് ഉറപ്പുനല്‍കി

പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്താല്‍ ഡല്‍ഹി ബന്ധങ്ങള്‍ ഉപയോഗിച്ച് ശരിയാക്കാമെന്നും റമീസ്
'ഡല്‍ഹിയില്‍ ആളുണ്ട്, പിടിച്ചാലും ഊരിപ്പോരാം'; സ്വര്‍ണം തടഞ്ഞുവച്ചപ്പോള്‍ റമീസ് സരിത്തിന് ഉറപ്പുനല്‍കി

കൊച്ചി: തന്റെ ഡല്‍ഹി ബന്ധങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണക്കടത്തു കേസില്‍നിന്ന് രക്ഷപ്പെടുത്താമെന്ന് ഒന്നാം പ്രതി സരിത്തിന് മുഖ്യ ആസൂത്രകന്‍ കെടി റമീസ് ഉറപ്പു നല്‍കിയിരുന്നതായി കസ്റ്റംസ്. സ്വപ്‌നയ്ക്കും സന്ദീപിനും എതിരെ കോഫേപോസ ചുമത്തുന്നതിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്.

സ്വര്‍ണം അടങ്ങിയ ബാഗേജ് കസ്റ്റംസ് പിടിച്ചതുകൊണ്ട് പ്രശ്‌നമൊന്നുമില്ലെന്നാണ് റമീസ് സരിത്തിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. കസ്റ്റംസ് പരമാവധി ചെയ്യുക കോഫേപോസ ചുമത്തി ജയിലില്‍ അടയ്ക്കുകയാണ്. ആറു മാസമാണ് ഇതില്‍ ജയിലില്‍ കഴിയേണ്ടി വരിക. കേസിനെ നേരിടുന്നതിനുള്ള ചെലവെല്ലാം താന്‍ വഹിക്കും. സരിത്തിനു മികച്ച പ്രതിഫലം നല്‍കുകയും ചെയ്യുമെന്ന് സരിത്ത് ഉറപ്പുനല്‍കി- കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

തന്നെ നേരത്തെ കോഫേപോസ ചുമത്തി കസ്റ്റംസ് ജയിയില്‍ അടച്ചിട്ടുണ്ടെന്ന് റമീസ് സരിത്തിനോട് പറഞ്ഞു. ആറു മാസം കഴിഞ്ഞ് പുറത്തുവന്നു. പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്താല്‍ ഡല്‍ഹി ബന്ധങ്ങള്‍ ഉപയോഗിച്ച് ശരിയാക്കാമെന്നും റമീസ് സരിത്തിനോടു പറഞ്ഞിരുന്നു. 

പിടിക്കപ്പെട്ടാല്‍ തന്റെ പേര് പറയരുതെന്ന് റമീസ് ആവശ്യപ്പെട്ടിരുന്നു. താന്‍ പുറത്തുനിന്നാല്‍ മാത്രമാണ് എന്തെങ്കിലും ചെയ്യാനാവുക. പിടിക്കപ്പെട്ടാല്‍ ഫൈസല്‍ ഫരീദിന്റെ പേരു പറയാനും അവര്‍ ആലോചിച്ചു തീരുമാനമെടുത്തതാണെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ചില സാധനങ്ങള്‍ എത്തിക്കണമെന്ന് ഫൈസല്‍ നിര്‍ദേശിക്കുകയായിരുന്നെന്ന കഥ അവര്‍ മെനഞ്ഞുണ്ടാക്കിയതാണ്. ഇതനുസരിച്ചാണ് പിടിക്കപ്പെട്ടപ്പോള്‍ സരിത് മൊഴി നല്‍കിയതെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com