മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കള്ളക്കടത്തുകാരുടെ താവളം; സ്വപ്‌നയക്ക് രഹസ്യങ്ങളെല്ലാം ചോര്‍ത്തി നല്‍കിയെന്ന് രമേശ് ചെന്നിത്തല

ഒരുപാട് ഒളിക്കാനുള്ളതുകൊണ്ടാണ് കോടിയേരിയെ പിണറായിയും പിണറായിയെ കോടിയേരിയും പിന്താങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കള്ളക്കടത്തുകാരുടെ താവളം; സ്വപ്‌നയക്ക് രഹസ്യങ്ങളെല്ലാം ചോര്‍ത്തി നല്‍കിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിടെ കള്ളപ്പണം വെളുപ്പിക്കലാണ് പണി.     ശിവശങ്കരന് താങ്ങും തണലുമായി നിന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ഇന്ന് വ്യക്തമായതായും ചെന്നിത്തല പറഞ്ഞു.

നയതന്ത്രബാഗേജിലൂടെ പുറത്തുവന്നത് സ്വര്‍ണമായിരുന്നെന്ന് ശിവശങ്കരന് അറിയാമായിരുന്നുവെന്നാണ് ഇഡി പറയുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണ്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും അറിഞ്ഞുകൊണ്ടാണ് കള്ളക്കടത്ത് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രൂപപ്പെടുന്ന ഒരോ വികസന പദ്ധതിയും അധോലോക പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് രഹസ്യമായി ലഭിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.  ശിവശങ്കരനാണ് രഹസ്യങ്ങളെല്ലാം ചോര്‍ത്തി നല്‍കിയത്. ലൈഫ് കെ ഫോണ്‍ തുടങ്ങിയ പദ്ധതികളെല്ലാം സ്വപ്‌നയും ശിവശങ്കരനും തമ്മിലുള്ള കൂട്ടുകച്ചവടമായി മാറി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ അഴിമതിയും കമ്മീഷന്‍ അടിച്ചതും ശിവശങ്കരന്റെ അറിവോടെയാണ്. സ്വപ്‌നയ്ക്ക് വന്ന കൈക്കൂലി പണത്തെ പറ്റി ശിവശങ്കരന് അറിയാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിന് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് വികസനപദ്ധതികളെ തടസപ്പെടുത്തുവെന്നാരോപിച്ച് പാര്‍ട്ടി അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായത്. അന്ന് അഞ്ച് വികസനപദ്ധതികളില്‍ ഒപ്പിടാന്‍ വിഎസ് വിസമ്മതിച്ചു. വിഎസ് വികസനത്തിന് എതിരെന്ന് പറഞ്ഞ് സിപിഎം പ്രമേയം പാസാക്കി. യഥാര്‍ത്ഥത്തില്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും കിട്ടുന്ന കമ്മീഷന്‍ വിഎസ് മുടക്കിയതുകൊണ്ടാണ് അദ്ദേഹത്തോട് ഇത്രയും വലിയ വിരോധമെന്നതാണ് വസ്തുത.  അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് ഒളിക്കാനുള്ളതുകൊണ്ടാണ് കോടിയേരിയെ പിണറായിയും പിണറായിയെ കോടിയേരിയും പിന്താങ്ങുന്നത്. ചേട്ടന്‍ ബാബ അനിയന്‍ ബാബ ഏര്‍പ്പാട് കേരളത്തില്‍ അവസാനിക്കാന്‍ പോകുകയാണെന്ന് ചെന്നിത്തല പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com