'സഭയിൽ വെയ്ക്കാത്ത റിപ്പോർട്ടിനെപ്പറ്റി ധനമന്ത്രി പറയുന്നത് ​ഗുരുതര ചട്ട ലംഘനം; നടപടി എടുക്കണം'- തോമസ് ഐസക്കിനെതിരെ ചെന്നിത്തല

സഭയിൽ വെയ്ക്കാത്ത റിപ്പോർട്ടിനെപ്പറ്റി ധനമന്ത്രി പറയുന്നത് ​ഗുരുതര ചട്ട ലംഘനം; നടപടി എടുക്കണം- തോമസ് ഐസക്കിനെതിരെ ചെന്നിത്തല
'സഭയിൽ വെയ്ക്കാത്ത റിപ്പോർട്ടിനെപ്പറ്റി ധനമന്ത്രി പറയുന്നത് ​ഗുരുതര ചട്ട ലംഘനം; നടപടി എടുക്കണം'- തോമസ് ഐസക്കിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജിയും കേന്ദ്ര ഏജൻസികളും സർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുകയാണെന്ന ആരോപണവുമായി തോമസ് ഐസക്ക് ഇന്ന് രാവിലെ വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തോമസ് ഐസക്കിനെ ചെന്നിത്തല കടന്നാക്രമിച്ചത്.

നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കാത്ത ഏത് റിപ്പോർട്ടിനെപ്പറ്റി എങ്ങനെയാണ് ധനമന്ത്രിക്ക് പരാമർശിക്കാൻ സാധിക്കുന്നത്. റിപ്പോർട്ട് എവിടെ നിന്നാണ് ധനമന്ത്രിക്ക് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.

വികസന പദ്ധതികൾക്ക് തുരങ്കം വെക്കാനുള്ള ആയുധമായി സിഎജിയെ കേന്ദ്രം ഉപയോഗിക്കുന്നെന്നും കിഫ്ബിക്കെതിരേ ബിജെപിക്കാർ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനാണ് ഹൈക്കോടതിയിൽ ഹാജരാകുന്നതെന്നും ഐസക്ക് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല ഐസക്കിനെതിരെ രം​ഗത്തെത്തിയത്. 

ഡിപ്പാർട്‌മെന്റിന് കൊടുത്ത പാരഗ്രാഫിനെ കുറിച്ചാവും ധനമന്ത്രി പറയുന്നത്. സാധാരണഗതിയിൽ സിഎജിയുടെ കണ്ടെത്തലുകൾ വിവിധ ഡിപ്പാർട്‌മെന്റുകൾക്ക് പാരഗ്രാഫുകളായി നൽകാറുണ്ട്. വകുപ്പുകൾ അത് പരിശോധിക്കുകയും മറുപടിയും നൽകാറുണ്ട്. ആ മറുപടി പരിശോധിച്ചും ചർച്ചകൾക്കു ശേഷം റിപ്പോർട്ട് തയ്യാറാക്കി സിഎജി നിയമസഭയുടെ മേശപ്പുറത്ത് വെക്കുമ്പോഴാണ് പൊതുജനങ്ങൾ അറിയുന്നത്. ധനമന്ത്രി ഗുരുതര ചട്ട ലംഘനവും നിയമ ലംഘനവുമാണ് നടത്തിയിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. 

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി തന്റെ വകുപ്പിനെ കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്തുവിട്ടുകൊണ്ട് പത്രസമ്മേളനം നടത്തുന്നത്. രാജ്യത്തെ ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന എന്ന നിലയിലാണ് ഇന്ന് കേരളത്തിന്റെ മന്ത്രിസഭ പ്രവർത്തിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധനമന്ത്രിയുടെ വാർത്താ സമ്മേളനമെന്നും ചെന്നിത്തല വിമർശിച്ചു.

മന്ത്രിയുടെ പത്രസമ്മേളനത്തിൽ പറഞ്ഞത് കരട് സിഎജി റിപ്പോർട്ട് എന്നാണ്. ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിൽ വന്ന ഒരു മന്ത്രിക്ക് ഫൈനലൈസ് ചെയ്യാത്ത, നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കാത്ത റിപ്പോർട്ട് എങ്ങനെ പരസ്യപ്പെടുത്താൻ കഴിയും? ഇത് ഗുരുതരമായ ചട്ട ലംഘനവും നിയവിരുദ്ധവുമാണ്. നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്ന സിഎജിയുടെ റിപ്പോർട്ട് പരിശോധിക്കാനുള്ള അവകാശം നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭയിൽ സമർപ്പിക്കുന്നതിന് മുൻപ് റിപ്പോർട്ട് സംരക്ഷിക്കണമെന്ന് നിഷ്‌കർഷിച്ചു കൊണ്ട് 2013ൽ  സിഎജി വിശദമായ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഓഡിറ്റ് വിവരങ്ങൾ കൃത്യമായും രഹസ്യമായും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട സർക്കുലറാണ് പുറപ്പെടുവിച്ചത്. ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് പറയുമ്പോൾ അത് പുറത്തുവിടുന്നത് നിയമസഭയുടെ ഗുരുതരമായ അവകാശ ലംഘനമാണ്. ധനമന്ത്രി നിയമസഭയുടെ അവകാശത്തെ ലംഘിച്ചിരിക്കുകയാണ്. ധനമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com