സൂത്രധാരന്‍ ശിവശങ്കര്‍ എന്ന് ഇഡി,  അറിയാതെ എന്‍ഐഎയും കസ്റ്റംസും; മൂന്ന് കേന്ദ്ര ഏജന്‍സികള്‍ മൂന്നു വഴിയില്‍

കള്ളക്കടത്തിന്റെ സൂത്രധാരനെന്ന് ഇഡി പറയുന്ന എം ശിവശങ്കര്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ പ്രതിയല്ല
സൂത്രധാരന്‍ ശിവശങ്കര്‍ എന്ന് ഇഡി,  അറിയാതെ എന്‍ഐഎയും കസ്റ്റംസും; മൂന്ന് കേന്ദ്ര ഏജന്‍സികള്‍ മൂന്നു വഴിയില്‍

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മൂന്നു കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണം മൂന്നു വഴിയില്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് കള്ളക്കടത്തിന്റെ സൂത്രധാരനെന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തുവന്നതോടെ, മറ്റു രണ്ട് അന്വേഷണ ഏജന്‍സികളും വിഷമഘട്ടത്തിലായി. മാസങ്ങള്‍ പിന്നിട്ടിട്ടും ദേശീയ അന്വേഷണ ഏജന്‍സിയുടെയും കസ്റ്റംസിന്റെയും അന്വേഷണത്തില്‍ ഇത്തരമൊരു സൂചന പോലും ലഭ്യമായിട്ടില്ല.

കള്ളക്കടത്തിന്റെ സൂത്രധാരനെന്ന് ഇഡി പറയുന്ന എം ശിവശങ്കര്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ പ്രതിയല്ല. 35 പേരെയാണ് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ എന്‍ഐഎ പ്രതി ചേര്‍ത്തിട്ടുള്ളത്. യുഇഎ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഫരീദ് ആണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് എന്‍ഐഎ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശിവശങ്കറിനെ ഇതുവരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്താനായിട്ടില്ലെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. യുഎപിഎ ചുമത്തിയ ഭീകരവാദ കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അതില്‍ ശിവശങ്കറിനെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. തെളിവില്ലാതെ ഭീകരവാദ കേസില്‍ ഒരാളെ പ്രതി ചേര്‍ക്കാനാവില്ലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണം തുടരുകയാണെന്നും, ഇഡി കോടതിയില്‍ ഉന്നയിച്ച വാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതാണെന്നാണ് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് ലൈഫ് മിഷന്‍ കരാര്‍ നല്‍കിയതിലെ കമ്മിഷന്‍ ആണെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്. ഈ പണം ശിവശങ്കറിനുള്ളതാണെന്നും ഇഡിക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയില്‍ പറഞ്ഞു. എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്കു വിരുദ്ധമാണ് ഇതെന്ന് ശിവശങ്കറിനു വേണ്ടി ഹാജരായ ബി രാമന്‍ പിള്ള കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കെടി റമീസ് ആണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന നിഗമനത്തിലാണ് കസ്റ്റംസ്. ശിവശങ്കറാണ് ആസൂത്രകന്‍ എന്ന ഇഡിയുടെ വെളിപ്പടുത്തലിന്റെ വെളിച്ചത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. അതേസമയം സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചെന്ന ഇഡിയുടെ വെളിപ്പെടുത്തല്‍ കസ്റ്റംസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കസ്റ്റംസ് ഇതുവരെ ഇത്തരമൊരു വാദം ഉന്നയിച്ചിട്ടില്ല. വളരെ എളുപ്പത്തില്‍ കണ്ടെത്താമായിരുന്ന ഇക്കാര്യം കസ്റ്റംസിന്റെ അന്വേഷണത്തില്‍ എങ്ങനെ വിട്ടുപോയെന്ന ചോദ്യമാണ് അന്വേഷണ ഏജന്‍സിയെ പ്രതിസന്ധിയിലാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com