ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് ദര്‍ശനം; മണ്ഡല പൂജകള്‍ക്കായി ശബരിമലനട തുറന്നു

മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു
ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് ദര്‍ശനം; മണ്ഡല പൂജകള്‍ക്കായി ശബരിമലനട തുറന്നു

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം.

കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കുക. സാധാരണ ദിവസങ്ങളില്‍ പ്രതിദിനം ആയിരംപ്പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്ക് വീതം ദര്‍ശനം അനുവദിക്കും. 24 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഭക്തര്‍ കരുതണം. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റും.

ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍.രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകംചെയ്ത് അവരോധിക്കും. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എ കെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എം എസ് പരമേശ്വരന്‍ നമ്പൂതിരിയും രാത്രിയില്‍ത്തന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com