ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാന്‍; സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

ഇബ്രാംഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടിയാണ്
ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാന്‍; സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വര്‍ണക്കടത്തും മയക്കുമരുന്നു കേസും ഉള്‍പ്പെടെ സര്‍ക്കാരും സിപിഎമ്മും ഉള്‍പ്പെട്ട ഗുരുതര ക്രമക്കേടുകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇബ്രാംഹിംകുഞ്ഞിന്റെ അറസ്‌റ്റെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഒരു അഴിമതിയേയും ന്യായീകരിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. പക്ഷെ ഇപ്പോള്‍ ഇബ്രാംഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടിയാണ്. മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി വിജിലന്‍സ് അധഃപതിച്ചിരിക്കുന്നെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ലൈഫ് പദ്ധതി ഇടപാടുകളില്‍ കേന്ദ്ര ഏജന്‍സികള്‍ കൃത്യമായ ക്രമക്കേട് കണ്ടെത്തിയിട്ടും ആ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുക്കാത്തത് വിജിലന്‍സിന് സംഭവിച്ച അപചയത്തിന്റെ മികച്ച ഉദാഹരണമാണ്. പാലാരിവട്ടം പാലം നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനി ഗുരുതര വീഴ്ചവരുത്തിയെന്ന് കണ്ടിട്ടും എന്തുകൊണ്ട് ആ കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയില്ല. മാത്രമല്ല ഇടതു സര്‍ക്കാര്‍ തുടര്‍ന്ന് ആയിരം കോടിയിലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതേ കമ്പനിക്ക് നല്‍കുകയും ചെയ്തു. ഇതില്‍ നിന്നും എത്ര തുകയാണ് സിപിഎം കൈപ്പറ്റിയത്.അതുകൊണ്ട് ഈ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും സിബിഐ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വമ്പിച്ച ക്രമക്കേടുണ്ട്. സിപിഎമ്മുമായി ബന്ധമുള്ള സ്ഥാപനത്തിനാണ് കിഫ്ബി പദ്ധതികളുടെ ഭൂരിഭാഗം കരാറുകളും നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഈ സ്ഥാപനത്തിന് ചുറ്റും വട്ടമിട്ട് പറക്കുകയാണ്. ഈ വെള്ളാന നികുതിദായകന്റെ കോടിക്കണക്കിന്  രൂപ മുഖ്യമന്ത്രിയുടേയും ഉപജാപകവൃന്ദത്തിന്റേയും അനുവാദത്തോടെ കട്ടുമുടിച്ച് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ സത്യസന്ധതയും നട്ടെല്ലും ഉണ്ടെങ്കില്‍ ഈ സ്ഥാപനത്തെ കുറിച്ച് ഏത് കേന്ദ്ര ഏജന്‍സിയും അന്വേഷണം നടത്തട്ടെയെന്ന് പറയാനുള്ള ആര്‍ജ്ജവ ബോധവും നെഞ്ചുറപ്പും മുഖ്യമന്ത്രി കാട്ടണം. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തി ഗുരുതരമായ മറ്റ് അഴിമതികളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം കേരളീയ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ാേ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com