'ബാലന്‍സ് ചെയ്യാനുള്ള പൊളിറ്റിക്കല്‍ നാടകം' ; അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന് കേന്ദ്രത്തിനെതിരെആരോപണം ഉന്നയിക്കുന്ന കൂട്ടരാണ് ഇത് ചെയ്തത്
'ബാലന്‍സ് ചെയ്യാനുള്ള പൊളിറ്റിക്കല്‍ നാടകം' ; അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് മുസ്ലിം ലീഗ്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞതുമാതിരി ലിസ്റ്റ് തയ്യാറാക്കി കേസെടുക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. സ്വര്‍ണ കടത്തും ഡോളര്‍ കടത്തും അടക്കമുള്ള മറ്റ് കേസുകളും നേരിടുന്ന സര്‍ക്കാര്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തിയ നാടകമാണ് അറസ്‌റ്റെന്നും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതാണ്. അന്വേഷണം കഴിഞ്ഞിട്ട് കാലം കുറേയായി. നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് ആവശ്യമില്ലെന്ന് കണ്ട കേസാണ്. അത് കഴിഞ്ഞിട്ട് മാസങ്ങളായി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കോടതിയില്‍ ഫൈനല്‍ റിപ്പോര്‍ട്ട് കൊടുക്കേണ്ട സമയത്ത് അറസ്റ്റ് ഇന്ത്യാ രാജ്യത്ത് കീഴ് വഴക്കം പോലുമില്ല. ഇത്തരത്തില്‍ ഏത് സര്‍ക്കാരിനും ചെയ്യാന്‍ സാധിക്കും. യുഡിഎഫ് സര്‍ക്കാരിന് വേണമെങ്കില്‍ എത്രയോ കേസുകള്‍ ഇങ്ങനെ ചെയ്യാമായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതി സംബന്ധിച്ച് ദിവസങ്ങളായി യോഗം ചേരുകയായിരുന്നു. ഇക്കാര്യം ലീഗിന് അറിവുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഏജന്‍സികളെ ഉപയോഗിച്ച് വകവരുത്തുകയാണെന്ന് പറയുന്ന സിപിഎം, പ്രതിപക്ഷ നേതാക്കളെ കേസില്‍ പെടുത്തുന്നത് തികച്ചും നാണം കെട്ട നടപടിയാണ്. കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന കൂട്ടരാണ് ഇത് ചെയ്തത്. 

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വരെ ആരോപണങ്ങളും കേസുകളും എത്തിയപ്പോള്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തിയ പൊളിറ്റിക്കല്‍ നാടകം ആണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്. ഇത് ലീഗ് തുറന്നുകാട്ടും. ഇത് ഇടതുപക്ഷത്തിന് രാഷ്ട്രീയമായ നഷ്ടമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com