സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം, ബിജെപിയുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു; കിഫ്ബി അന്വേഷണത്തില്‍ ഇഡിക്കെതിരെ ധനമന്ത്രി

കിഫ്ബി മസാല ബോണ്ടില്‍ അന്വേഷണം ആരംഭിച്ച എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെതിരെ ധനമന്ത്രി തോമസ് ഐസക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടില്‍ അന്വേഷണം ആരംഭിച്ച എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെതിരെ ധനമന്ത്രി തോമസ് ഐസക്. ഇഡിയുടേത് കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ധനമന്ത്രി വിമര്‍ശിച്ചു. ബിജെപിയുടെ ഇംഗിതത്തിന് അനുസരിച്ചാണ് ഇഡി പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സിയുടേത് കേരള നിയമസഭയോടുള്ള അവഹേളനമാണെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

കിഫ്ബിക്കെതിരെ അന്വേഷണം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ്, മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ആര്‍ബിഐയ്ക്ക്് കത്തയച്ചു എന്നാണ് സൂചന. ഇതിന് പിന്നാലെയാണ് തോമസ് ഐസക് എന്‍ഫോഴ്‌സ്‌മെന്റിനെതിരെ രംഗത്തുവന്നത്. ഇഡിയുടെ ജോലി ഭരണഘടന വ്യാഖ്യാനം ചെയ്യലല്ല. ഈ നീക്കത്തെ ചെറുക്കും. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങിയെന്നും മന്ത്രി ആരോപിച്ചു. കിഫ്ബിക്ക് വായ്പയെടുക്കാന്‍ ആര്‍ബിഐ അനുമതിയുണ്ട്. എന്‍ഒസിയല്ലാതെ എന്തു അനുമതിയാണ് ഇനി വേണ്ടതെന്നും ഐസക് ചോദിച്ചു.ആര്‍ബിഐക്ക് തെറ്റുപറ്റിയെന്നാണ് സിഎജി റിപ്പോര്‍ട്ടെന്നും ഐസക് പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടിന്റെ നാലാം പേജില്‍ പറയുന്നുണ്ട്. ബിജെപിയുമായി ഒത്തുകളിച്ച് ഇഡിയെക്കൊണ്ട് പ്രതിപക്ഷം കിഫ്ബിയെ തകര്‍ക്കുകയാണ്. ഈ നീക്കത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.  സ്പീക്കറുടെ വിശദീകരണ കത്ത്  ലഭിച്ചിട്ടുണ്ടെന്നും മറുപടി നല്‍കുമെന്നും ഐസക് പറഞ്ഞു. മസാലബോണ്ടിന് നിയമപരമായ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com