ബിനീഷിന്റെ 'കോടിയേരി' വീട് കണ്ടുകെട്ടാന്‍ ഇ ഡി തീരുമാനം ; ഭാര്യയുടെ സ്വത്തു വകകളും കണ്ടുകെട്ടും
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2020 12:45 PM |
Last Updated: 23rd November 2020 12:45 PM | A+A A- |
തിരുവനന്തപുരം : ബംഗലൂരു മയക്കുമരുന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ 'കോടിയേരി' വീട് കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ബിനീഷിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇഡി രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയതായാണ് റിപ്പോര്‍ട്ട്.
നേരത്തെ ബിനീഷിന്റെ പേരിലുള്ള സ്വത്തു വകകളുടേയും ആസ്തികളുടേയും റിപ്പോര്‍ട്ട് രജിസ്‌ട്രേഷന്‍ വകുപ്പിനോട് ഇഡി ചോദിച്ചിരുന്നു. ബിനീഷിന്റെ പേരിലുള്ള ഭൂമിയുടെയും സ്ഥാവര ജംഗമ വസ്തുക്കളുടെയും കൈമാറ്റവും ഇഡി വിലക്കിയിരുന്നു. ബിനീഷ് കോടിയേരിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തും കണ്ടുകെട്ടും.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡിയുടെ നടപടി. ബംഗലൂരു ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാഹുല്‍ സിന്‍ഹയാണ് രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തു നല്‍കിയത്. കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെയും അമ്മയുടെയും സ്വത്തുവകകളും കണ്ടുകെട്ടാന്‍ ഇ ഡി തീരുമാനിച്ചിട്ടുണ്ട്.