പിണറായി വിജയന്‍ ഹിറ്റ്‌ലറെന്ന് രമേശ് ചെന്നിത്തല; ഇപ്പോഴത്തെ പിന്‍മാറ്റം തട്ടിപ്പ്

ഒരു നിയമം നിലവില്‍ വന്ന ശേഷം അത് നടപ്പാക്കില്ലന്ന് പറയാന്‍ മുഖ്യമന്ത്രിക്കെന്നല്ല ആര്‍ക്കും കഴിയില്ല
പിണറായി വിജയന്‍ ഹിറ്റ്‌ലറെന്ന് രമേശ് ചെന്നിത്തല; ഇപ്പോഴത്തെ പിന്‍മാറ്റം തട്ടിപ്പ്

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണ്. മാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. ഒരു നിയമം നിലവില്‍ വന്ന ശേഷം അത് നടപ്പാക്കില്ലന്ന് പറയാന്‍ മുഖ്യമന്ത്രിക്കെന്നല്ല ആര്‍ക്കും കഴിയില്ല. നിയമം പിന്‍വലിക്കാതിരുന്നാല്‍ പൊലീസിന് അതുപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവശത്തിന് നേരെയുളള ശക്തമായ കടന്നുകയറ്റമാണ് പോലീസ് നിയമഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അഡോള്‍ഫ് ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണ്. വിവാദനിയമം പിന്‍വലിച്ച് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്ന് ചെന്നിത്തല പറഞ്ഞു.  

ഈ ഓര്‍ഡിനന്‍സ് ജനവിരുദ്ധവും ഏകാധിപത്യവുമാണ്. ഓര്‍ഡിനന്‍സ് അടിയന്തരമായി കൊണ്ടുവരേണ്ട എന്തുസാഹചര്യമാണ് കേരളത്തിലുളളത്. നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത് ഗുണദോഷങ്ങള്‍ കണ്ടറിഞ്ഞ് വേണം ഇതുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍. എന്നാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഇത് നടപ്പിലാക്കി. ഇതിനെതിരേ താന്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ പോകുന്ന നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണം. നിയമം വന്നതോടെ ആദ്യ പരാതി തൃശൂര്‍ വലപ്പാട് സ്റ്റേഷനില്‍ ഒരു സിപിഎം പ്രവര്‍ത്തകനെതിരേ ഇന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് അഭിപ്രായം പറയുന്നവരെ കല്‍തുറുങ്കിലടക്കാനുള്ള ഏകാധിപത്യ പ്രവണതക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. നിയമം പിന്‍വലിച്ചോടേണ്ട ഗതികേട് സര്‍ക്കാരിനുണ്ടാകും. ഇന്ത്യയിലെ പ്രമുഖരായ നേതാക്കളും എഴുത്തുകാരും നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണെന്നും സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com