'ഗുജറാത്ത്' ആയി ആലപ്പുഴ ; വോട്ടര്‍മാരെ 'പാട്ടിലാക്കാന്‍' ചുമരെഴുത്ത്

ഗുജറാത്തി സമൂഹത്തെ ലക്ഷ്യമിട്ടാണ് വോട്ടു തേടി സ്ഥാനാര്‍ത്ഥികളുടെ ഗുജറാത്തി ഭാഷയിലുള്ള ചുമരെഴുത്തുകളും നഗരത്തില്‍ നിറയുന്നത്
'ഗുജറാത്ത്' ആയി ആലപ്പുഴ ; വോട്ടര്‍മാരെ 'പാട്ടിലാക്കാന്‍' ചുമരെഴുത്ത്

ആലപ്പുഴ : ആലപ്പുഴയിലെ ചുമരുകള്‍ കണ്ടാല്‍ നാം ഗുജറാത്തിലാണോ എത്തിയതെന്ന് സംശയിച്ചാല്‍ അത്ഭുതപ്പെടേണ്ട. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലയാളം മാത്രമല്ല, ഗുജറാത്തി ഭാഷയും ആലപ്പുഴയില്‍ നിറയുകയാണ്. ആലപ്പുഴയിലെ ഗുജറാത്തി സമൂഹത്തെ ലക്ഷ്യമിട്ടാണ് വോട്ടു തേടി സ്ഥാനാര്‍ത്ഥികളുടെ ഗുജറാത്തി ഭാഷയിലുള്ള ചുമരെഴുത്തുകളും നഗരത്തില്‍ നിറയുന്നത്. 

സംസ്ഥാനത്തെ തന്നെ ഏറ്റവും ആദ്യത്തെ കുടിയേറ്റക്കാരിലെ ഒരു സമൂഹമാണ് ആലപ്പുഴയിലെ ഗുജറാത്തികള്‍. വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരായ ഇവര്‍ ആലപ്പുഴ മുനിസിപ്പാലിറ്റി വാര്‍ഡിലെ വോട്ടര്‍മാരാണ്. ഇതേത്തുടര്‍ന്നാണ് നഗര മതിലുകളില്‍ ഗുജറാത്തി ഭാഷയും നിറയുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റീഗോ രാജുവിന് വേണ്ടിയാണ് ഗുജറാത്തി ഭാഷയില്‍ ആദ്യ ചുമരെഴുത്ത് വന്നത്. ഇതേ മാതൃക പിന്തുടരാനാണ് എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെയും തീരുമാനം. വാര്‍ഡിലെ ഗുജറാത്തി സ്ട്രീറ്റില്‍ 25 ഓളം ഗുജറാത്തി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരുടേതായി 150 ഓളം വോട്ടുകളാണ് ഉള്ളത്. 

അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ നിര്‍ണായകമാണ്. ഇതു കണക്കിലെടുത്താണ് ഗുജറാത്തികളെ വശത്താക്കാന്‍ അവരുടെ ഭാഷയില്‍ തന്നെ വോട്ടുതേടി അവരിലൊരാളാകാന്‍ സ്ഥാനാര്‍ത്ഥികളുടെ ശ്രമം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റീഗോ ഇത് മൂന്നാം തവണയാണ് വാര്‍ഡില്‍ ജനവിധി തേടുന്നത്. എല്‍ഡിഎഫിന്റെ നിസാറും എന്‍ഡിഎയുടെ വിഷ്ണു വിജയനുമാണ് എതിരാളികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com