മണ്ണ് പൂശിയ തറയില്‍ നിറവ്യത്യാസം, മണ്ണിളകി കിടക്കുന്നു, സംശയം തോന്നി കുഴിച്ചുനോക്കി; കിടപ്പുമുറിയില്‍ മൃതദേഹം, വീട്ടുടമയ്ക്കായി തെരച്ചില്‍

വിതുരയില്‍ വീടിനുള്ളിലെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഴിക്കാന്‍ പൊലീസിന് പ്രേരണയായത്  മണ്ണ് പൂശിയ തറയിലെ നിറ വ്യത്യാസം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിതുരയില്‍ വീടിനുള്ളിലെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഴിക്കാന്‍ പൊലീസിന് പ്രേരണയായത്  മണ്ണ് പൂശിയ തറയിലെ നിറ വ്യത്യാസം. മേമല പട്ടന്‍കുളിച്ചപാറ വേമ്പുര തടത്തരികത്ത് വീട്ടില്‍ താജുദ്ദീന്റെ വീട്ടില്‍ നിന്നു ഇയാളുടെ സുഹൃത്തായ ആര്യനാട് മീനാങ്കല്‍ തണ്ണിക്കുളത്ത് മാധവ(50)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. താജുദ്ദീനെ പ്രതിയാക്കി വിതുര പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. 

പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളില്‍ നിന്നു ഇന്നലെ ഉച്ചയോടെ ദുര്‍ഗന്ധം ഉയരുന്നതു സമീപത്തെ പുരയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു.  താജുദ്ദീന് ചാരായം വാറ്റും പന്നിയെ പിടിക്കലും ഉള്ളതിനാല്‍ അതു ചത്തു കിടക്കുകയാണെന്നു കരുതിയാണു തൊഴിലാളികള്‍ പൊലീസിനെ വിളിച്ചത്.താജുദ്ദീന്‍ ഒറ്റയ്ക്കാണ് ഇവിടെ താമസം. അഞ്ച് ദിവസം മുന്‍പ് മാധവന്‍ താജുദ്ദീനോടൊപ്പം വീട്ടിലുണ്ടായിരുന്നു. 

പൊലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടിലെ വാതില്‍ പടിയില്‍ രക്തക്കറ കണ്ടു. വീടിനകത്തു വാറ്റുപകരണങ്ങളും മനുഷ്യ വിസര്‍ജ്യവും മുടിയും കണ്ടെത്തി. വീട്ടിലെ കിടപ്പു മുറിയുടെ മണ്ണ് പൂശിയ തറയില്‍ നിറ വ്യത്യാസവും മണ്ണിളകി കിടക്കുന്നതും കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംശയം തോന്നി കുഴിച്ചതോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുത്തു. നാല് ദിവസം മുന്‍പും താജുദ്ദീനും മാധവനും തമ്മില്‍ വഴക്കുണ്ടായതായി സമീപവാസികള്‍ പറഞ്ഞെന്ന് വിതുര ഇന്‍സ്‌പെക്ടര്‍ എസ് ശ്രീജിത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com