സ്വര്‍ണക്കടത്തിലെ കിങ്പിന്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ് ; റെയ്ഡില്‍ ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തു

കാരാട്ട് ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു
സ്വര്‍ണക്കടത്തിലെ കിങ്പിന്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ് ; റെയ്ഡില്‍ ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തു

കോഴിക്കോട് : സ്വര്‍ണക്കടത്തിലെ കിങ് പിന്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്രചാനല്‍  വഴി ആദ്യം കടത്തിയ 80 കിലോ സ്വര്‍ണം  വില്‍ക്കാന്‍ സഹായിച്ചത് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറായ കാരാട്ട് ഫൈസല്‍ ആണെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ ടി റമീസ് ആണെന്നും സൂചനയുണ്ട്. കൊടുവള്ളിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. 
 
കാരാട്ട് ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഫൈസലിന്റെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. റെയ്ഡില്‍ ചില ഡിജിറ്റല്‍ രേഖകളും മൊബൈല്‍ സന്ദേശങ്ങളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. 

നയതന്ത്ര ബാഗേജ് വഴി ആദ്യഘട്ടത്തില്‍ വന്ന 80 കിലോ സ്വര്‍ണം തൃശിനാപ്പള്ളി അടക്കമുള്ള സ്ഥലങ്ങളില്‍ വില്‍ക്കാന്‍ ശ്രമിച്ചത് ഫൈസലാണെന്നാണ് കസ്റ്റംസിന് ലഭിച്ച സൂചനകള്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലാണ് സ്വര്‍ണക്കടത്തു സംഘത്തിലെ പ്രധാനി എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. 

ഉച്ചയോടെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്തിക്കുന്ന കാരാട്ട് ഫൈസലിനെ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് കാരാട്ട് ഫൈസല്‍. 

ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27ാം വാര്‍ഡ് അംഗമാണ്. നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുമ്പ് ഡിആര്‍ഐ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com