സ്വപ്നയ്ക്ക് അഞ്ച് ഐഫോൺ, അതിലൊന്ന് പ്രതിപക്ഷനേതാവിന്; യൂണിടാക്കിന്റെ ആരോപണം തള്ളി ചെന്നിത്തല

2019 ഡിസംബർ രണ്ടിന് യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർക്ക് ഇത് സമ്മാനമായി നൽകി
സ്വപ്നയ്ക്ക് അഞ്ച് ഐഫോൺ, അതിലൊന്ന് പ്രതിപക്ഷനേതാവിന്; യൂണിടാക്കിന്റെ ആരോപണം തള്ളി ചെന്നിത്തല

ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിലെ കരാർ ലഭിച്ചതിന് പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്ക് നൽകാനായി അഞ്ച് ഐഫോൺ സ്വപ്നയ്ക്ക് നൽകിയെന്ന് യൂണിടാക് കമ്പനി ഉടമ  സന്തോഷ്‌ ഈപ്പൻ. കൂടാതെ 4.48 കോടി രൂപ കമ്മീഷനായും കൈപ്പറ്റി. സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആണ് സന്തോഷ്‌ ഈപ്പന്റെ വെളിപ്പെടുത്തൽ. എന്നാൽ ആരോപണം തള്ളി ചെന്നിത്തല രം​ഗത്തെത്തി. 

യുഎഇയുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവർക്ക് സമ്മാനമായി നൽകാനാണെന്നുപറഞ്ഞാണ് മൊബൈൽ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടത്. 2019 ഡിസംബർ രണ്ടിന് യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർക്ക് ഇത് സമ്മാനമായി നൽകി. സ്വപ്‍നാ സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ആണ് ഫോൺ നൽകിയതെന്നും ഇതിന്‍റെ ബിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഹർജിയിൽ സന്തോഷ്‌ ഈപ്പൻ വെളിപ്പെടുത്തി. 

എന്നാൽ തനിക്ക് ആരും മൊബൈൽ ഫോൺ സമ്മാനിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺസുലേറ്റിലെ ചടങ്ങിൽ നറുക്കെടുപ്പിലൂടെ വിജയികളായവർക്കാണ് സമ്മാനം നൽകിയത്. കോൺസുലേറ്റിൽനിന്ന് താനൊരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

3.80 കോടി രൂപ  കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും  സ്വപ്‍ന സുരേഷ് അടക്കമുള്ളവർക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍  68 ലക്ഷവും നൽകിയതായിട്ടാണ് യൂണിടാക് കമ്പനി പറയുന്നത്. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാർകിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വപ്ന മുഖേന യു.എ.ഇ. കോൺസുലേറ്റ് ആവശ്യപ്പെട്ടപ്രകാരം കമ്മിഷൻ നൽകിയതെന്നും ഹർജിയിൽ പറയുന്നു. സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാർ ലഭിക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്തത്, യുഎഇ കോൺസുലേറ്റിന്‍റെ  നിർമാണ കരാർ ഏറ്റെടുത്ത യൂണിടാക് എഫ്‍സിആര്‍എ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും ഹർജിയിൽ സന്തോഷ്‌ ഈപ്പൻ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com