സാലറി കട്ട് ഇല്ല; ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി 

ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് തീരുമാനം
സാലറി കട്ട് ഇല്ല; ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി.  ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് തീരുമാനം. അടുത്ത ജിഎസ്ടി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്നാണ് ഉറപ്പ്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികമായി പരിഹാരമാകും

വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം  വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സാലറി കട്ട് തുടര്‍ന്നാല്‍ പണിമുടക്ക് ആരംഭിക്കാന്‍ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു. സര്‍വീസ് സംഘടനകള്‍ കോടതിയിലടക്കം പോയാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. 

വരുമാന നഷ്ടത്തിനുള്ള 20,000 കോടിയുടെ വിഹിതമായ  500 കോടി രൂപ സംസ്ഥാനത്തിന് ഉടന്‍ കിട്ടും.  കേന്ദ്രസര്‍ക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റിയ 24,000 കോടി രൂപയിലെ കേരളത്തിന്റെ വിഹിതമായ 850 കോടി രൂപ ഒരാഴ്ചക്ക് ശേഷം നല്‍കും തുടങ്ങിയവയാണ് ജിഎസ്ടി കൗണ്‍സിലിലെ തീരുമാനങ്ങള്‍. ഇതിന് പുറമേ ജിഎസ്ടി നടപ്പാക്കിയത് മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ട്ം കേന്ദ്രം 6100 കോടിയായി പുതുക്കി നിശ്ചയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഗാരന്റിയോടെ ഈ തുക കടമെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. 

ജിഎസ്ടി നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ സെസില്‍ നിന്ന് ഈ തുക തിരിച്ച് പിടിക്കാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ല. ബാധ്യത പൂര്‍ണ്ണമായും കേന്ദ്രം ഏറ്റെടുക്കണമെന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശത്തില്‍ തര്‍ക്കമായി. തുടര്‍ന്ന് 12ന് ചേരുന്ന  ജിഎസ്ടിയില്‍ തിരിച്ചടവില്‍ അന്തിമതീരുമാനം എടുക്കാന്‍ തീരുമാനിച്ചു. ഈ പണം കിട്ടുന്നതോടെ സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. ഇതോടെയാണ് സാലറി കട്ടില്‍ നിന്ന പിന്നോട്ട് പോകാന്‍ ധനവകുപ്പ് തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com