ഇറങ്ങി ഓടിയിട്ടില്ല, പോയത് നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക്: പിടി തോമസ്

ഇറങ്ങി ഓടിയിട്ടില്ല, പോയത് നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക്: പിടി തോമസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കള്ളപ്പണം പിടിക്കാന്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പിടി തോമസ് എംഎല്‍എ. അപകീര്‍ത്തികരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പിടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കുന്നതിനായി ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായാണ് താന്‍ അവിടെ പോയതെന്ന് പിടി തോമസ് പറഞ്ഞു. കുടികിടപ്പു തര്‍ക്കത്തില്‍ ആയിരുന്നു മധ്യസ്ഥ ചര്‍ച്ച. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ചര്‍ച്ചയ്ക്കുണ്ടായിരുന്നു. വസ്തു ഒഴിഞ്ഞുകൊടുക്കുന്നതിന് ബാങ്കു വഴി പണം നല്‍കാനായിരുന്നു കരാര്‍. കരാര്‍ ഉണ്ടാക്കി ആരെങ്കിലും കള്ളപ്പണം കൈമാറുമോയെന്ന് പിടി തോമസ് ചോദിച്ചു.

അവിടെനിന്ന് ചര്‍ച്ചകള്‍ക്കുശേഷം ഇറങ്ങി കാറിലേക്ക് കയറാന്‍ പോകുമ്പോള്‍ ചിലര്‍ വീട്ടിലേക്ക് പോകുന്നത് കണ്ടിരുന്നു. പിന്നീട് എംഎല്‍എ ഓഫിസില്‍ എത്തിയശേഷമാണ് അവിടെ വന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിയുന്നതെന്നും എംഎല്‍എ പറഞ്ഞു. 

ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് ഇന്നലെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്തത്. പണം കണ്ടെടുത്ത വീടിന്റെ ഉടമയായ രാജീവനില്‍ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണന്‍ എന്നയാളും ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഇയാള്‍ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് കരുതുന്നത്.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ പി ടി തോമസ് എംഎല്‍എയും സ്ഥലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയതിന് തൊട്ടുപിന്നാലെ എംഎല്‍എ പോയി.ഇതു വാര്‍ത്തയായ പശ്ചാത്തലത്തിലാണ് പിടി തോമസ് വിശദീകരണവുമായി വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com