'സ്‌നേഹമാണ് ഏറ്റവും വലിയ മൂല്യമെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തിയ കവി' ; മലയാളത്തിന് തീരാനഷ്ടമെന്ന് മന്ത്രി എ കെ ബാലന്‍ 

മാനവികതയിലൂന്നിയ ആത്മീയതയും ദാര്‍ശനികതയും ഉയര്‍ത്തിപ്പിടിച്ചാണ്  അക്കിത്തം കാവ്യരചന നടത്തിയത്
'സ്‌നേഹമാണ് ഏറ്റവും വലിയ മൂല്യമെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തിയ കവി' ; മലയാളത്തിന് തീരാനഷ്ടമെന്ന് മന്ത്രി എ കെ ബാലന്‍ 


തിരുവനന്തപുരം : മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തില്‍ സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ ദുഃഖം രേഖപ്പെടുത്തി. മലയാള കവിതയില്‍ ആധുനികതയുടെ വരവറിയിച്ച മനുഷ്യസ്‌നേഹിയായ കവിയാണ് അക്കിത്തം. മലയാള സാഹിത്യത്തിന് വിവരണാതീതമായ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നതെന്നും എ കെ ബാലന്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. 

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായ അക്കിത്തം അച്യുതന്‍ നമ്പൂതിരി മാനവികതയിലൂന്നിയ ആത്മീയതയും ദാര്‍ശനികതയും ഉയര്‍ത്തിപ്പിടിച്ചാണ് കാവ്യരചന നടത്തിയത്. സ്‌നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമെന്ന് കവിതകളിലൂടെ നിരന്തരം ഓര്‍മ്മപ്പെടുത്തിയ കവി മനുഷ്യരാശിയുടെ വ്യഥകളെക്കുറിച്ച് ആകുലപ്പെട്ടിരുന്നുവെന്നും മന്ത്രി അനുസ്മരിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം : 

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
മലയാള സാഹിത്യത്തിന് വിവരണാതീതമായ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. മലയാള കവിതയില്‍ ആധുനികതയുടെ വരവറിയിച്ച മനുഷ്യസ്‌നേഹിയായ കവിയാണ് അദ്ദേഹം.

കഴിഞ്ഞ മാസം 24 ന് തൃത്താല കുമരനെല്ലൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി ജ്ഞാനപീഠം പുരസ്‌കാരം നേരിട്ട് സമ്മാനിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായി കാണുന്നു. 2019 നവമ്പര്‍ 29നാണ് അദ്ദേഹത്തിന് ജ്ഞാനപീഠം അവാര്‍ഡ് പ്രഖ്യാപിച്ചത്. സാധാരണഗതിയില്‍ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആണ് ജ്ഞാനപീഠം പുരസ്‌കാരം സമ്മാനിക്കുക. എന്നാല്‍ കോവിഡ് 19 മഹാമാരി കാരണം പുരസ്‌കാര ദാനം നീണ്ടുപോയി. രോഗവ്യാപനം കൂടി വന്ന സാഹചര്യത്തില്‍ പ്രതിബന്ധങ്ങളും വര്‍ധിച്ചുവന്നു. എന്നാല്‍ എത്രയും പെട്ടെന്ന് പുരസ്‌കാരം സമ്മാനിക്കണമെന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പ് ജ്ഞാനപീഠം ട്രസ്റ്റുമായി നിരന്തരം ആശയവിനിമയം നടത്തിയും എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയുമാണ് സെപ്റ്റംബര്‍ 24 ന് പുരസ്‌കാരം സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരദാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായ അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി മാനവികതയിലൂന്നിയ ആത്മീയതയും ദാര്‍ശനികതയും ഉയര്‍ത്തിപ്പിടിച്ചാണ് കാവ്യരചന നടത്തിയത്. സ്‌നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമെന്ന് കവിതകളിലൂടെ നിരന്തരം ഓര്‍മ്മപ്പെടുത്തിയ കവി മനുഷ്യരാശിയുടെ വ്യഥകളെക്കുറിച്ച് ആകുലപ്പെട്ടിരുന്നു. സര്‍ഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളും നല്‍കിയ ദാര്‍ശനികതയായിരുന്നു മലയാള കവിതാ ലോകത്തെ കുലപതിയാക്കി അക്കിത്തത്തെ മാറ്റിയത്.

'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ

ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം

ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ

ഹൃദയത്തില്‍ ഉലാവുന്നു നിത്യനിര്‍മല പൗര്‍ണമി'

എന്ന അദ്ദേഹത്തിന്റെ കവിതാശകലത്തെയാണ് ഞങ്ങളെപ്പോലുള്ളവര്‍ ചേര്‍ത്തുപിടിക്കുന്നത്.

'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിലൂടെ മലയാള കവിതയില്‍ ആധുനികതയുടെ പ്രതിനിധിയായി മാറിയ അക്കിത്തം തന്റേതായ പ്രത്യേക ഇടം ഇന്നും കാത്തുസൂക്ഷിക്കുന്നു. ഇടിഞ്ഞുപൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്റെ കഥ, നിമിഷക്ഷേത്രം, മധുവിധു, പണ്ടത്തെ മേല്‍ശാന്തി, അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത കവിതകള്‍ തുടങ്ങിയ കവിതകള്‍ മലയാള സാഹിത്യത്തിലെ വിലപ്പെട്ട കൃതികളാണ്.

കേന്ദ്രസംസ്ഥാന അക്കാദമി പുരസ്‌കാരങ്ങള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം മുതലായ പുരസ്‌കാരങ്ങളെല്ലാം അക്കിത്തത്തെ നേരത്തേ തേടിയെത്തിയിരുന്നു. ഈ സര്‍ക്കാര്‍ പത്മശ്രീക്ക് അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് 2017 ല്‍ പത്മശ്രീയും ലഭിച്ചിരുന്നു.

മലയാള സാഹിത്യത്തിനും നാടിന്റെ സംസ്‌കാരത്തിനും അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ ജനങ്ങള്‍ എന്നും ഓര്‍ക്കും. കുടുംബാംഗങ്ങളുടെയും ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com