ആക്രി സാധനങ്ങളിൽ നിന്ന് സ്പോർട്സ് ബൈക്ക്, ചെലവ് വെറും 4000; ഞെട്ടിച്ച് പത്താം ക്ലാസുകാരൻ

ല്ലപ്രയിലും വെങ്ങോലയിലുമുള്ള ആക്രിക്കടകൾ കയറിയിറങ്ങി സാധനങ്ങൾ വാങ്ങിയാണ്  അനന്തു തന്റെ സ്വന്തം ബൈക്ക് നിർമിച്ചത്
ആക്രി സാധനങ്ങളിൽ നിന്ന് സ്പോർട്സ് ബൈക്ക്, ചെലവ് വെറും 4000; ഞെട്ടിച്ച് പത്താം ക്ലാസുകാരൻ

കൊച്ചി; ആക്രിക്കടയിൽ നിന്ന് ശേഖരിച്ച സാധനങ്ങളിൽ നിന്ന് സ്പോർട്സ് ബൈക്കുണ്ടാക്കി പത്താം ക്ലാസുകാരൻ. പെരുമ്പാവൂർ വെങ്ങോല തൊട്ടിപ്പറമ്പിൽ സുനിലിന്റെ മകൻ അനന്തുവാണ് സ്വന്തമായി ബൈക്കുണ്ടാക്കി ഞെട്ടിച്ചത്. 4000 രൂപ ചെലവാക്കിയായിരുന്നു അനന്തുവിന്റെ ബൈക്ക് നിർമാണ്. 

അല്ലപ്രയിലും വെങ്ങോലയിലുമുള്ള ആക്രിക്കടകൾ കയറിയിറങ്ങി സാധനങ്ങൾ വാങ്ങിയാണ്  അനന്തു തന്റെ സ്വന്തം ബൈക്ക് നിർമിച്ചത്. ഇലക്ട്രിക് സ്കൂട്ടറിന്റെ മോട്ടറാണ് വണ്ടിയിൽ ഉപയോ​ഗിച്ചിരിക്കുന്നത്. പെട്രോൾ വാഹനത്തിന്റെ മോട്ടർ  ഉപയോഗിച്ചാൽ നിരത്തിലിറക്കാൻ റജിസ്ട്രേഷനും ലൈസൻസും വേണമെന്നതിനാലാണ് ഇലക്ട്രിക് സ്കൂട്ടർ മോട്ടർ തിരഞ്ഞെടുത്തത്. 

പഴയ  സൈക്കിളിന്റെ ചേസാണ് മറ്റൊരു ഘടകം. ആശുപത്രി വീൽചെയറിന്റെ ചക്രങ്ങളാണ് ഉപയോഗിക്കുന്നത്. മീറ്ററും ആക്സിലറേറ്ററും മാത്രമാണ് പുതിയത്. ഇത് ഓൺലൈനിലൂടെ വാങ്ങി. സെക്കൻ‌ഡ് ഹാൻഡ് ബാറ്ററി ഉപയോഗിച്ചതിനാൽ ചെലവ് കുറയ്ക്കാനായി. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 25 കിലോമീറ്റർ വരെ ഓടിക്കാം. 

സ്വന്തമായി ബൈക്ക് ഉണ്ടാക്കാൻ അനന്തു വെൽഡിങ് വരെ പഠിച്ചു. അടുത്തുള്ള ബന്ധുവിന്റെ കടയിൽ പോയിട്ടാണ് ഒരാഴ്ച കൊണ്ട് വെൽഡിങ് പഠിച്ചത്. തുടർന്ന് വെൽഡിങ് യന്ത്രം വാടകയ്ക്കെടുത്ത് സ്വന്തമായാണ് എല്ലാം ചെയ്തത്. ചെറുമകന്റെ താൽപര്യം അറിഞ്ഞ്  സുനിലിന്റെ അച്ഛനും അമ്മയുമാണ് സാമ്പത്തിക സഹായം നൽകിയത്. വളയൻചിറങ്ങറ എച്ച്എസ്എസിലെ വിദ്യാർഥിയായ അനന്തു. ട്യൂഷനും മറ്റും പുറത്തുപോകുന്നത് സ്വന്തമായി നിർമിച്ച ബൈക്കിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com