വെള്ളിയാഴ്ച വൈകിട്ട് അറസ്റ്റിനു നീക്കം നടത്തി; കസ്റ്റംസ് നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്നു; ശിവശങ്കര്‍ ഹൈക്കോടതിയില്‍ 

വെള്ളിയാഴ്ച വൈകിട്ട് അറസ്റ്റിനു നീക്കം നടത്തി; കസ്റ്റംസ് നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്നു; ശിവശങ്കര്‍ ഹൈക്കോടതിയില്‍ 
വെള്ളിയാഴ്ച വൈകിട്ട് അറസ്റ്റിനു നീക്കം നടത്തി; കസ്റ്റംസ് നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്നു; ശിവശങ്കര്‍ ഹൈക്കോടതിയില്‍ 

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്കു പരിഗണിക്കും. രാവിലെ അഭിഭാ്ഷകന്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ഉച്ചയ്ക്കു ശേഷം നോക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം തന്നെ അറസ്റ്റ് ചെയ്ത് നിയമ വ്യവസ്ഥ അട്ടിമറിക്കാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ കുറ്റപ്പെടുത്തി. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. 90 മണിക്കൂര്‍ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. ഇനിയും സഹകരിക്കാന്‍ തയാറാണ്. എന്നിട്ടും അറസ്റ്റിനു നീക്കം നടക്കുകയാണെന്ന് സംശയിക്കുന്നതായി ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ അവകാശപ്പെട്ടു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ഇതിനുശേഷമാകും തുടര്‍ചികിത്സ തീരുമാനിക്കുക.

അസ്ഥിരോഗവിഭാഗം ഐ.സി.യു.വില്‍ കഴിയുന്ന ശിവശങ്കറിന് ശക്തമായ സുരക്ഷാസംവിധാനമാണ് ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഡിസ്‌കിന് തകരാറല്ലാതെ, കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത ശിവശങ്കറിന് ചികിത്സയുടെപേരില്‍ സുരക്ഷിതതാവളം ഒരുക്കിയിരിക്കുകയാണെന്ന വിലയിരുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍ ഐ ടി സെക്രട്ടറി കൂടിയായ ശിവശങ്കറിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com