എസ്എന്‍ഡിപിയുടെ കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തി ; ലോക്കല്‍ സെക്രട്ടറി പുറത്തായി ; പരസ്യമായി മാപ്പപേക്ഷ

എസ് എന്‍ ഡി പി യൂണിയനു കീഴിലെ പെരുവന്താനം ശാഖയുടെ പ്രാര്‍ഥനാ മന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയര്‍ത്തിയത്
എസ്എന്‍ഡിപിയുടെ കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തി ; ലോക്കല്‍ സെക്രട്ടറി പുറത്തായി ; പരസ്യമായി മാപ്പപേക്ഷ

തൊടുപുഴ : കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികദിനത്തില്‍ എസ്എന്‍ഡിപിയുടെ കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തിയ ലോക്കല്‍ സെക്രട്ടറി പുറത്തായി. സംഭവം വിവാദമായതോടെ കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ലോക്കല്‍ സെക്രട്ടറി എ. ബിജു പരസ്യക്ഷമാപണം നടത്തി. പാര്‍ട്ടി നിര്‍ദേശപ്രകാരം പിന്നീട് ഇയാള്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ബിജുവിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ഏരിയാ കമ്മിറ്റി അറിയിച്ചു.

ഹൈറേഞ്ച് എസ് എന്‍ ഡി പി യൂണിയനു കീഴിലെ പെരുവന്താനം 561-ാം നമ്പര്‍ ശാഖയുടെ പ്രാര്‍ഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയര്‍ത്തിയത്. പെരുവന്താനം ലോക്കല്‍ സെക്രട്ടറി ബിജുവാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കൊടി ഉയര്‍ത്തുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കൊടി മാറ്റുകയും പാര്‍ട്ടി നേതാക്കള്‍ എസ്എന്‍ഡിപി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. 

പരസ്യമായി മാപ്പ് പറയണമെന്നും ലോക്കല്‍ സെക്രട്ടറിയെ നിലവിലുള്ള സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കണമെന്നും എസ്എന്‍ഡിപി നേതൃത്വം നിലപാടെടുത്തു. തുടര്‍ന്ന് ലോക്കല്‍ സെകട്ടറി ബിജു ശാഖാ സെക്രട്ടറി കെ ടി രവിക്ക് മാപ്പപേക്ഷ എഴുതിനല്‍കി. ഹൈറേഞ്ച് യൂണിയന്‍ ഓഫീസില്‍ നേരിട്ടെത്തി പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് നടന്ന പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ രാജി നല്‍കുകയും ചെയ്തു.

കൊടി ഉയര്‍ത്തിയ സംഭവത്തില്‍ എസ്എന്‍ഡിപി യൂണിയന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. നടപടി ശ്രീനാരായണീയരെ അപമാനിക്കലാണെന്നും സിപിഎമ്മിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിക്കുന്നതായും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സി സന്തോഷ്‌കുമാര്‍ പറഞ്ഞു. ബിജുവിന്റെ പ്രവൃത്തി അച്ചടക്ക ലംഘനമായതിനാല്‍ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് മാറ്റിയതായി സിപിഎം ഏലപ്പാറ ഏരിയാ സെക്രട്ടറി എം ജെ വാവച്ചന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com