ചെന്നിത്തലക്ക് ഒരു കോടി നല്‍കി; ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് എല്‍ഡിഎഫ്

മുന്‍ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കോടികളുടെ കള്ളപ്പണ ഇടപാട് അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരും
ചെന്നിത്തലക്ക് ഒരു കോടി നല്‍കി; ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ സമഗ്രമായി അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുടമകളില്‍ നിന്നും പിരിച്ച പണം മന്ത്രിയായിരുന്ന കെ ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം രമേശ് ചെന്നിത്തലയ്ക്കടക്കം വീതം വച്ചെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. 

ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിലും, 50 ലക്ഷം രൂപ കെ ബാബുവിന്റെ ഓഫീസിലും, 25 ലക്ഷം വി.എസ് ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ അതീവ ഗൗരവമാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ ഒട്ടനവധി കോഴ ഇടപാടുകള്‍ അരങ്ങേറിയെന്നാണ് ഇത് തെളിയിക്കുന്നത്. മുന്‍ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കോടികളുടെ കള്ളപ്പണ ഇടപാട് അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരും. അതിനായി സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

യുഡിഎഫ് എംഎല്‍എമാരായ പി ടി തോമസും, കെ എം ഷാജിയും കള്ളപ്പണ ഇടപാടില്‍ അന്വേഷണ പരിധിയില്‍ വന്നുകഴിഞ്ഞു. മുന്‍മന്ത്രി കെ.ബാബുവിനെതിരായ അവിഹിത സമ്പാദ്യ കേസ് വിചാരണയിലാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ വി കെ ഇബ്രാഹിം കുഞ്ഞും ജൂവല്ലറി തട്ടിപ്പില്‍ എം സി ഖമറുദീനും പ്രതിക്കൂട്ടിലാണ്. ഇതിന് പുറമെയാണ് ചെന്നിത്തലയ്ക്കും വി എസ് ശിവകുമാറിനും എതിരായ ഈ വെളിപ്പെടുത്തലിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സത്യം പുറത്തു കൊണ്ടുവരാന്‍ സമഗ്രാന്വേഷണവും നിയമനടപടികളും വേണം. വിജയരാഘവന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com