''എല്‍.ഡി.എഫ്. എന്നാണ്'', പിറന്നാള്‍ ദിനത്തിലും രാഷ്ട്രീയം വിടാതെ വിഎസ് ; ആളും ആരവവുമില്ലാതെ ജന്മദിനാഘോഷം ( ചിത്രങ്ങള്‍)

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വക പൂച്ചെണ്ടും പിറന്നാള്‍ ആശംസയുമായി രാജ്ഭവനില്‍നിന്ന് പ്രതിനിധിയെത്തി
''എല്‍.ഡി.എഫ്. എന്നാണ്'', പിറന്നാള്‍ ദിനത്തിലും രാഷ്ട്രീയം വിടാതെ വിഎസ് ; ആളും ആരവവുമില്ലാതെ ജന്മദിനാഘോഷം ( ചിത്രങ്ങള്‍)

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്റെ 97ാം പിറന്നാള്‍ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ ആരവവും ആള്‍ക്കൂട്ടവുമൊന്നുമില്ലാതെ ആഘോഷിച്ചു. വിഎസിന്റെ പതിവു ദിനചര്യകള്‍ക്കും മാറ്റമുണ്ടായില്ല. പത്രവിശേഷങ്ങള്‍ ഓരോന്നായി പ്രസ് സെക്രട്ടറി ജയനാഥ് വിശദീകരിച്ചു. എല്ലാം കേട്ടിരിക്കുന്ന ശീലത്തില്‍നിന്ന് മാറി വി എസ് ചോദിച്ചു: ''എല്‍.ഡി.എഫ്. എന്നാണ്''.

രാവിലെ വീടിന്റെ പൂമുഖത്തുവന്നിരുന്ന് വി എസ് മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം സമയം ചെലവഴിച്ചു. ഇതിനിടെ പാര്‍ട്ടി നേതാക്കളും സമൂഹികപ്രവര്‍ത്തകരുമായ പലരും ഫോണില്‍ ആശംസകള്‍ നേര്‍ന്നു. ഉച്ചയോടെ മകള്‍ ഡോ. ആശയും മരുമകന്‍ ഡോ. തങ്കരാജും മടങ്ങി. വൈകീട്ട് ഭാര്യ വസുമതി, മകന്‍ അരുണ്‍കുമാര്‍, മരുമകള്‍ ഡോ. രജനി ബാലചന്ദ്രന്‍ എന്നിവരും കൊച്ചുമക്കളും ചേര്‍ന്ന് കേക്ക് മുറിച്ചു. വസുമതി നല്‍കിയ മധുരം നുകര്‍ന്ന് ജനനായകന്‍ 98-ാം വയസ്സിലേക്ക് പ്രവേശിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വക പൂച്ചെണ്ടും പിറന്നാള്‍ ആശംസയുമായി രാജ്ഭവനില്‍നിന്ന് രാവിലെ പ്രതിനിധിയെത്തിയിരുന്നു. എ കെ ആന്റണി, കോടിയേരി ബാലകൃഷ്ണന്‍, എം എ യൂസഫലി എന്നിവര്‍  ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചു. സീതാറാം യെച്ചൂരി വീഡിയോ കോളിലൂടെ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ് ബുക്കില്‍ ആശംസനേര്‍ന്ന് കുറിപ്പിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com