പടക്കം പൊട്ടിച്ചു നോക്കി; കൂസലില്ല, തീപ്പന്തം ചവിട്ടി കെടുത്തി!; എന്തുചെയ്യുമെന്നറിയാതെ ദ്രുതകര്‍മ്മ സേന; നാട്ടിലിറങ്ങി കാട്ടാനകളുടെ വിളയാട്ടം

ഒരു ഭാഗത്തു നിന്ന് ഓടിക്കുമ്പോള്‍ മറുഭാഗത്തു കൂടി ജനവാസ മേഖലകളില്‍ ഇറങ്ങുന്ന ബാക്കിയുള്ള ആനക്കൂട്ടങ്ങളും വനപാലകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: പടക്കം പൊട്ടിച്ചു നോക്കി, ഒരു കൂസലുമില്ല! തീപ്പന്തം എറിഞ്ഞപ്പോള്‍ ചവിട്ടി കെടുത്തി! നാട്ടിലിറങ്ങിയ ആനക്കൂട്ടത്തെ തുരത്താന്‍ എന്തുചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് നെയ്യങ്കുളം പ്രദേശവാസികള്‍. ആനകളെ തുരത്താനെത്തിയ ദ്രുത കര്‍മസേനയും (ആര്‍ആര്‍ടി) ഇനിയെന്തുചെയ്യുമെന്ന അന്താളിപ്പിലാണ്. 

ഒരു ഭാഗത്തു നിന്ന് ഓടിക്കുമ്പോള്‍ മറുഭാഗത്തു കൂടി ജനവാസ മേഖലകളില്‍ ഇറങ്ങുന്ന ബാക്കിയുള്ള ആനക്കൂട്ടങ്ങളും വനപാലകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയാണ്.

സംരക്ഷിത വനവും വീടുകളും ഇടകലര്‍ന്നു നില്‍ക്കുന്ന ജില്ലയിലെ പ്രത്യേക സാഹചര്യവും ഒരേസമയം പല കൂട്ടങ്ങളായി ആനകള്‍ സഞ്ചരിക്കുന്നതും തുരത്താനുള്ള ശ്രമങ്ങള്‍ക്കു തടസ്സമാണ്. ആറളത്തു നിന്ന് എത്തിയ ദ്രുത കര്‍മ സേനയും റേഞ്ച് ഓഫിസര്‍ എന്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരും നാട്ടുകാരും ചേര്‍ന്ന് 12 മണിക്കൂറോളം തുടര്‍ച്ചയായി ആനകളെ പിന്തുടര്‍ന്നെങ്കിലും കാറഡുക്കയില്‍ നിന്നു പയസ്വിനിപ്പുഴ കടത്താന്‍ കഴിഞ്ഞില്ല.

അതിനിടെ പല സ്ഥലങ്ങളിലും ഇവ കൃഷി നശിപ്പിച്ചു കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്തു. 19 ആനകളാണ് പല സ്ഥലങ്ങളിലായി ഉള്ളതെന്ന് വനംവകുപ്പ് പറയുന്നു. 10,6, 2 ആനകള്‍ വീതമുള്ള കൂട്ടങ്ങളും ഒറ്റയാനും ഉണ്ടെന്ന് ഉറപ്പാണ്. അതേസമയം ഇതിലും കൂടുതല്‍ ഉണ്ടോയെന്ന് കര്‍ഷകര്‍ക്കു സംശയം പ്രകടിപ്പിക്കുന്നു. കാറഡുക്ക വനത്തിലെ തന്നെ ചേറ്റോണി, നെയ്യങ്കയം, കയ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ തമ്പടിച്ചിരിക്കുന്നത്. നേരത്തെ മുളിയാറില്‍ നിന്നു തുരത്തിവിട്ട ആനക്കൂട്ടമാണ് നെയ്യങ്കയത്ത് ഉള്ളത്. ഇവയെ തുരത്താന്‍ ശ്രമിക്കുമ്പോള്‍ ജനക്കൂട്ടത്തിനു നേരെ തിരിയുന്നത് ഭീഷണി ഉയര്‍ത്തുന്നു.

വെള്ളിയാഴ്ച രാത്രി എട്ടോടെ നെയ്യങ്കയത്ത് ഇറങ്ങിയ ആനകളെ തുരത്താന്‍ ആര്‍ആര്‍ടി എത്തിയെങ്കിലും ആനകള്‍ കൃഷി നശിപ്പിക്കുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. പടക്കം എറിഞ്ഞിട്ടു പോലും ആനകളെ തുരത്താന്‍ കഴിഞ്ഞില്ല. പല തവണ ഇവ വനപാലകരെ ആക്രമിക്കാന്‍ തുനിയുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com