'ഞാനെന്തിന് പഴി കേള്‍ക്കണം?'; മുഖ്യമന്ത്രി എന്തിനാണ് പുകമറ സൃഷ്ടിക്കുന്നത്?; ജലജ മാധവന്‍

വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍.
'ഞാനെന്തിന് പഴി കേള്‍ക്കണം?'; മുഖ്യമന്ത്രി എന്തിനാണ് പുകമറ സൃഷ്ടിക്കുന്നത്?; ജലജ മാധവന്‍

പാലക്കാട്: വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. തന്നെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും എന്തിനാണ് പുകമറ സൃഷ്ടിക്കുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടര്‍മാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അവരെ മാറ്റിയെന്നും മുഖ്യമന്ത്രി പറയുന്നു. യാതൊരു കാരണവും അറിയിക്കാതെയാണ് തന്നെ മാറ്റിയത്. വാളയാര്‍ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം പ്രോസിക്യൂട്ടര്‍ ആയിരുന്നു. കേസിന്റെ തുടക്കവും അവസാനവും താനല്ലെന്നും ജലജ മാധവന്‍ പറഞ്ഞു. 

എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യുഡിഎഫ് കാലത്തുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ സര്‍ക്കാരിനെതിരെ കേസ് കൊടുക്കുകയും സ്‌റ്റേയുടെ ബലത്തില്‍ തുടരുകയും ചെയ്തു. ഒടുവില്‍ കേസില്‍ സര്‍ക്കാര്‍ ജയിച്ചപ്പോള്‍ അവരെ മാറ്റുകയും 2019 മാര്‍ച്ചില്‍ പുതിയ പ്രോസിക്യൂട്ടര്‍മാര്‍ വരുകയു ചെയ്തു. എന്നാല്‍ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും കാരണം ഒന്നും പറയാതെ തന്നെ മാറ്റി. യുഡിഎഫ് കാലത്തുണ്ടായിരുന്ന പഴയ പ്രോസിക്യൂട്ടറെ വീണ്ടും നിയമിച്ചു. യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറെ വീണ്ടും നിയമിക്കാനുള്ള കാരണം എന്താണ് എന്ന് ജലജ മാധവന്‍ ചോദിച്ചു. 

വാളയാര്‍ കേസില്‍ സിഡബ്ല്യുസി ചെയര്‍മാന്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിനെതിരെ അന്വേഷണം വന്നപ്പോള്‍ സത്യസന്ധമായി മൊഴി കൊടുത്തതിനും പിന്നാലെയാണ് തന്നെ മാറ്റിയത്. വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടമാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നത് എന്തിനാണെന്നും ജലജ മാധവന്‍ ചോദിച്ചു.

താനെന്തിന് വെറുതെ പഴി കേള്‍ക്കണമെന്നും അവര്‍ ചോദിച്ചു. ചാക്കോയും സോജനും എഫിഷ്യന്റ് ആയി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍ എന്നും ജലജ ചോദിച്ചു. 

ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. താനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോള്‍ തോന്നുന്നു. ഇക്കാര്യത്തില്‍ ആരുമായും ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണ്. കമ്മീഷന്‍ തെളിവെടുപ്പിനെ കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെയെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com