ശബരിമലയില്‍ പ്രതിദിനം ആയിരം പേര്‍, വാരാന്ത്യങ്ങളില്‍ 2000; എണ്ണം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തളളി 

വൃശ്ചിക മാസം മുതല്‍ ആരംഭിക്കുന്ന മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേരെ വരെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതിയുടെ അനുമതി
ശബരിമലയില്‍ പ്രതിദിനം ആയിരം പേര്‍, വാരാന്ത്യങ്ങളില്‍ 2000; എണ്ണം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തളളി 

പത്തനംതിട്ട: വൃശ്ചിക മാസം മുതല്‍ ആരംഭിക്കുന്ന മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേരെ വരെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതിയുടെ അനുമതി. വാരാന്ത്യങ്ങളില്‍ 2000 തീര്‍ത്ഥാടകരെ വരെ പ്രവേശിപ്പിക്കാന്‍ അനുവദിക്കും. എന്നാല്‍ എണ്ണം വീണ്ടും കൂട്ടണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം സമിതി അംഗീകരിച്ചില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പരിഗണിക്കാമെന്നാണ് സമിതിയുടെ തീരുമാനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

ശബരിമല മണ്ഡല തീര്‍ത്ഥാടന കാലത്ത് സാധരണ ദിവസങ്ങളില്‍ 1000 പേരേയും വാരാന്ത്യങ്ങളില്‍ 2000 പേരേയും വിശേഷ ദിവസങ്ങളില്‍ 5000 പേരേയും അനുവദിക്കാമെന്നാണ് ചീഫ് സെക്രട്ടറി തല സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീര്‍ത്ഥാടന സീസണിലെ ഒരുക്കങ്ങള്‍ക്കായി 60 കോടിയോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും തീര്‍ത്ഥാടകര്‍ എത്താതിരുന്നാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നു ദേവസ്വം ബോര്‍ഡ് ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ അറിയിച്ചു. സീസണ്‍ ആരംഭിച്ച് സ്ഥിതി വിലിയിരുത്തിയ ശേഷം കൂടുതല്‍ ഭക്തരെ അനുവദിക്കുന്ന കാര്യം പരിഗണിക്കും എന്നാണ് സമിതി യോഗം ദേവസ്വത്തെ അറിയിച്ചിരിക്കുന്നത്. 

തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലക്കലും പമ്പയിലും ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യമുണ്ടാകും. തുലാമാസ പൂജക്കാലത്ത് സ്വീകരിച്ച നിയന്ത്രണങ്ങള്‍ അതേപടി തുടരാനും ഇന്നു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.നവംബര്‍ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്. പുതിയ ശബരിമല മാളികപ്പുറം മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണവും 15ന് നടക്കും.

തുലാമാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തീര്‍ത്ഥാടകരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മണ്ഡലകാലത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചത്.
കോവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് തുലാമാസ പൂജകള്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com