ബിനീഷിനെ കാണാൻ അനുവദിക്കുന്നില്ല, സഹോദരനും അഭിഭാഷകരും ഹൈക്കോടതിയിലേക്ക്

അഭിഭാഷകരെ കാണാൻ അനുവദിക്കാത്തത് ചട്ടലംഘനമാണെന്ന് കോടതിയെ അറിയിക്കും
ബിനീഷിനെ കാണാൻ അനുവദിക്കുന്നില്ല, സഹോദരനും അഭിഭാഷകരും ഹൈക്കോടതിയിലേക്ക്

ബാം​ഗളൂർ; ബാം​ഗളൂർ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ അനുവദം നൽകാത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകർ കോടതിയിലേക്ക്. ബിനീഷിന്റെ അഭിഭാഷകർ കർണാടക ഹൈക്കോടതിയെ സമീപിക്കാനാണ് ഒരുങ്ങുന്നത്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങൾ ധരിപ്പിക്കാൻ ആണ് ശ്രമം. 

അഭിഭാഷകരെ കാണാൻ അനുവദിക്കാത്തത് ചട്ടലംഘനമാണെന്ന് കോടതിയെ അറിയിക്കും. ബിനീഷിനെ കാണാൻ വന്ന സഹോദരനേയും അഭിഭാഷകരെയും മടക്കി അയച്ചതിനെ തുടർന്നാണ് നടപടി. ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കസ്റ്റഡി അപേക്ഷ ഇഡി നൽകിയപ്പോൾ അതിനെ എതിർക്കുന്നതിനടക്കം സെഷൻസ് കോടതിയിൽ ഹാജരായ അഭിഭാഷകൻ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ശേഷം രണ്ട് മുതിർന്ന അഭിഭാഷകരാണ് ബിനീഷിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വക്കാലത്ത് ഏറ്റെടുത്ത ഉടൻ തന്നെ അവർ ഇഡി ഓഫീസിലേക്കെത്തി പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അനുവാദം ലഭിച്ചില്ല. അതിനു ശേഷം ബിനോയ് കോടിയേരിയടക്കമുള്ളവരെ ഓഫീസിലെത്തിച്ച് അഭിഭാഷകർ സന്ദർശനത്തിന് അനുമതി തേടിയെങ്കിലും അവരെ മടക്കി അയച്ചു. ഉദ്യോ​ഗസ്ഥരുമായി നേരിയ തോതിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു.

അതേസമയം, ബാംഗളൂരു ലഹരി കേസ് എൻഐഎ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എൻഐഎ അന്വേഷിക്കണമെന്നാണ് ശുപാർശ. തീവ്രവാദ ബന്ധമുള്ളവർ പ്രതികളുമായി ബന്ധപ്പെട്ടെന്ന് കണ്ടെത്തി. പണം നക്സൽ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിച്ചെന്നും  ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കർണാടക സർക്കാരായിരിക്കും ഇതിൽ തീരുമാനമെടുക്കുക. ലഹരിമരുന്ന് കേസുകൾ ബം​ഗളൂരു ന​ഗരത്തിൽ വളരെയധികം കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ മാസമാണ് ആഭ്യന്തര സുരക്ഷാ വിഭാ​ഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ യെദ്യൂരപ്പ സർക്കാർ ആവശ്യപ്പെട്ടത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com