നടന്നത് പെരിയയുടെ പ്രതികാരം ; കോണ്‍ഗ്രസ് പ്രകോപനത്തില്‍ പെട്ടുപോകരുത്; ഓഫീസുകള്‍ ആക്രമിക്കരുതെന്ന് കോടിയേരി 

കൊലയ്ക്ക് പകരം കൊല എന്നതിനെ സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ല.
നടന്നത് പെരിയയുടെ പ്രതികാരം ; കോണ്‍ഗ്രസ് പ്രകോപനത്തില്‍ പെട്ടുപോകരുത്; ഓഫീസുകള്‍ ആക്രമിക്കരുതെന്ന് കോടിയേരി 

കൊച്ചി :  പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ കോണ്‍ഗ്രസുകാര്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേത് എന്ന് വ്യക്തമായിരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവം നടന്നപ്പോല്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞത് ഇതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നാണ്. മരിച്ചവരെ ഗുണ്ടകളായി അപമാനിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളെപ്പറ്റി ആരെങ്കിലും ഇത്തരത്തില്‍ ക്രൂരമായി സംസാരിക്കുമോയെന്നും കോടിയേരി ചോദിച്ചു. സിപിഎമ്മിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
 

കൊലപാതകത്തെ ന്യായീകരിക്കുകയാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചെയ്തത്. ഇത് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള കോണ്‍ഗ്രസ് പദ്ധതിയുടെ ഭാഗമാണ്. നിയമസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ച് ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ് കേരളത്തില്‍ കലാപത്തിന് വേണ്ടി ശ്രമിക്കുകയാണ്. സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായി എന്ന പേരില്‍ സെക്രട്ടേറിയറ്റില്‍ കയറി അക്രമം സംഘടിപ്പികാകനും കലാപത്തിനും വേണ്ടി ശ്രമിച്ചത് കേരളം അടുത്തിടെ കണ്ടതാണ്. 

ഏറ്റെടുക്കുന്ന ഓരോ പ്രശ്‌നവും ജനങ്ങള്‍ തള്ളിക്കളയുന്നതോടെ നിരാശരായ കോണ്‍ഗ്രസ് നേതൃത്വം അക്രമത്തിനായി അണികളെ കയറൂരി വിട്ടിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സഖാവ് മൊയാരത്ത് ശങ്കരനെ തല്ലിക്കൊന്നുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ അക്രമപരമ്പരയ്ക്ക് തുടക്കമിട്ടത്. 

സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നത്. തിരിച്ചടിക്കണമെന്ന മനോഭാവമുള്ള പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് അക്രമങ്ങളിലേക്ക് തള്ളിവിട്ട് അരക്ഷിതാവസ്ഥ ഉണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതിനാല്‍ കോണ്‍ഗ്രസ് പ്രകോപനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പെട്ടുപോകരുത്. കൊലയ്ക്ക് പകരം കൊല എന്നതിനെ സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു ഓഫീസുകളും ആക്രമിക്കരുതെന്നും, സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുന്നതും പാടില്ലെന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com