ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും യാത്ര ഒഴിവാക്കണം; രണ്ടാഴ്ച നിര്‍ണായകമെന്ന് കെകെ ശൈലജ

ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടാക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും യാത്ര ഒഴിവാക്കണം; രണ്ടാഴ്ച നിര്‍ണായകമെന്ന് കെകെ ശൈലജ

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടാക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അടുത്ത ആഴ്ചകളില്‍ സംസ്ഥാനത്ത് രോഗവ്യാപനം ശക്തമാകാന്‍ സാധ്യതയുണ്ടെന്നും ഒക്ടോബറില്‍ രോഗവ്യാപനം അതിതീവ്രമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
  
അടുത്ത രണ്ടാഴ്ച കേരളത്തില്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് കെകെ ശൈലജ പറഞ്ഞു. ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്രകള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തതിനാല്‍ രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.  വീട്ടില്‍ ആര്‍ക്കെങ്കിലും ലക്ഷണമുണ്ടെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. കോവിഡ് എന്ന മഹാമാരി പൂര്‍വാധികം ശക്തിയായി നമുക്കിടയില്‍ തന്നെയുണ്ടെന്നും മന്ത്രി പറഞ്ഞു.  

അണ്‍ലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. എന്നാല്‍ ഇളവുകള്‍ ആഘോഷമാക്കുകയല്ല വേണ്ടത്. രോഗം പിടിപെടാന്‍ ഒരു ചെറിയ അശ്രദ്ധ മാത്രം മതി. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്നത് ആരും മറക്കരുത്  മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com