ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന്  എകെ ബാലന്‍

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കാനുളള നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി
ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന്  എകെ ബാലന്‍


തിരുവനന്തപുരം: ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നതായി മന്ത്രി എ.കെ ബാലന്‍. പതിനായിരത്തോളം ആദിവാസികള്‍ക്ക് ഭൂമിനല്‍കാനുളള നടപടികളാണ് നടന്ന് വരുന്നത്.  ഇവരില്‍ ഭൂരിഭാഗവും വയനാട് ജില്ലയിലുളളവരാണ്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കാനുളള നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും കരുതലിനും വലിയ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 4361 ഭൂരഹിത പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3588.52 ഏക്കര്‍ ഭൂമി വിതരണം ചെയ്തു.  12,000 പേര്‍ക്ക് വീട് നല്‍കാനും ഇക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കും ലൈഫ് മിഷനിലൂടെ വീട് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പട്ടിക വിഭാഗങ്ങളുടെ തൊഴിലിനും വിദ്യാഭ്യാസ പുരോഗതിക്കും നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്.  പട്ടിക വര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിന് അവരുടെ മാതൃഭാഷ അറിയുന്നവരായ 267 മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ച ഗോത്രബന്ധു പദ്ധതിയും എസ്.സി.എസ്.ടി. വിഭാഗങ്ങള്‍ക്കായി ഊരുകളോട് ചേര്‍ന്ന് 12500 പഠന മുറികള്‍ സ്ഥാപിച്ചതും രാജ്യത്തിന് തന്നെ മാതൃകയായ  പദ്ധതിയാണ്.  ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദനമറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ സാമൂഹ്യ പുരോഗതിക്കായി വാത്സല്യനിധി എന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു.  പ്രീമിയം തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും.  18 വയസാകുമ്പോള്‍ മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക. പൊലീസ് എക്‌സൈസ് സേനകളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന സ്‌പെഷ്യല്‍ െ്രെഡവിലൂടെ നൂറ് വീതം പട്ടികവര്‍ഗ്ഗ യുവതി യുവാക്കളെ നിയമിച്ചിട്ടുണ്ട്.  വനം വകുപ്പില്‍ ബീറ്റ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിച്ച് തൊഴില്‍ നല്‍കുവാന്‍ കഴിയുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.  7156 പേര്‍ക്കാണ് തൊഴില്‍ നൈപുണ്യ വികസന പരിശീലനം നല്‍കിയത്.  ഇതിലൂടെ 2376 പേര്‍ക്ക് തൊഴില്‍ ലഭ്യമായി. എസ്.സി. എസ്.ടി. വിഭാഗത്തില്‍പ്പെട്ട 360 പേര്‍ക്ക് വിദേശത്തും തൊഴില്‍ ലഭിച്ചു. 

എസ്.സി.എസ്.ടി. വിഭാഗങ്ങളുടെ പൈതൃക സംസ്‌കാരങ്ങളെയും കലകളെയും തനത് രുചികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗദ്ദിക സാംസ്‌കാരികോത്സവം സംഘടിപ്പിക്കുകയും ഇതിലൂടെ 4.6 ലക്ഷം കോടി രൂപയുടെ പാരമ്പര്യ തനത് ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്താനും സാധിച്ചിട്ടുണ്ട്.  ഗദ്ദിക ബ്രാന്‍ഡ് നെയിമില്‍ തനത് ഉല്‍പ്പന്നങ്ങളുടെ ഓണ്‍ ലൈന്‍ വില്‍പ്പനയും ആരംഭിച്ചിതായും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com