ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : എംസി കമറുദ്ദീന്‍ എംഎല്‍എയെ അതൃപ്തി അറിയിച്ച് ലീഗ് ; നേരില്‍ കാണാന്‍ കൂട്ടാക്കാതെ പാണക്കാട് തങ്ങള്‍

മലപ്പുറം ലീഗ് ഹൗസില്‍ കാസര്‍കോട് ജില്ലയിലെ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : എംസി കമറുദ്ദീന്‍ എംഎല്‍എയെ അതൃപ്തി അറിയിച്ച് ലീഗ് ; നേരില്‍ കാണാന്‍ കൂട്ടാക്കാതെ പാണക്കാട് തങ്ങള്‍

കോഴിക്കോട് : കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയോട് ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചു. നേരിട്ടെത്തി വിശദീകരണം നല്‍കാനായി മലപ്പുറത്തെത്തിയ കമറുദ്ദീനെ കാണാന്‍ കൂട്ടാക്കാതെ, പാണക്കാട് ഹൈദരലി തങ്ങള്‍ മടക്കി അയച്ചു. ഫോണിലൂടെയാണ് ലീഗ് നേതാക്കള്‍ കമറുദ്ദീന്റെ വിശദീകരണം കേട്ടത്.

തല്‍ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് കമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്. ഇന്ന് രാവിലെയോ നാളെയോ നേതൃത്വവുമായി ചര്‍ച്ച നടത്താം. അതിന് ശേഷം മാത്രം ഹൈദരലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ച എന്നാണ് നിലവിലെ തീരുമാനം.താന്‍ തട്ടിപ്പ് നടത്തിയില്ലെന്നും ഇത് ബിസിനസ്സ് തകര്‍ച്ച മാത്രമാണെന്നുമായിരുന്നു നേതൃത്വത്തോട് എം സി കമറുദ്ദീന്‍ ഫോണിലൂടെ പറഞ്ഞത്.

പിന്നാലെ മലപ്പുറം ലീഗ് ഹൗസില്‍ കാസര്‍കോട് ജില്ലയിലെ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവരുമായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും ജില്ല പ്രസിഡന്റ് ടി ഇ അബ്ദുല്ലയും അടക്കമുള്ള ലീഗ് നേതാക്കളാണ് കൂടിക്കാഴ്ച നടത്തിയത്. വൈകിട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിവരങ്ങള്‍ ധരിപ്പിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ എം സി കമറുദ്ദീനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്.  നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയര്‍ന്നത്. പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും മുസ്ലിം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നതും ശ്രദ്ധേയമാണ്. കമറുദ്ദീനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ പ്രവര്‍ത്തകര്‍ കാസര്‍കോട് നിന്ന് മലപ്പുറത്തെത്തിയിട്ടുണ്ട്. ഇവരിൽ പലരും ലീ​ഗ് നേതാക്കളെ നേരിൽ കാണാൻ ശ്രമം നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com