കൊറോണ വൈറസിന്റെ ജനിതക ഘടനയിൽ രണ്ടു മാറ്റങ്ങൾ ; വ്യാപനം വർധിക്കാൻ കാരണം ? ; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനിതക ശ്രേണീകരണം നടത്തണമെന്ന് ഗവേഷകർ

സ്പൈക് പ്രോട്ടീൻ, മനുഷ്യശരീരത്തിലെ പ്രോട്ടീനുകളെയാണ് വൈറസിനു കയറിപ്പിടിക്കാനുള്ള തലമായി ഉപയോഗിക്കുന്നത്
കൊറോണ വൈറസിന്റെ ജനിതക ഘടനയിൽ രണ്ടു മാറ്റങ്ങൾ ; വ്യാപനം വർധിക്കാൻ കാരണം ? ; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനിതക ശ്രേണീകരണം നടത്തണമെന്ന് ഗവേഷകർ

ന്യൂഡൽ‍ഹി : കൊറോണ വൈറസിന്റെ ജനിതക ഘടനയിൽ വന്ന രണ്ടു മാറ്റങ്ങളാണ് കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കാൻ കാരണമെന്ന് 
പഠനം. കേരളത്തിലെ സാംപിളുകളിൽ ഡി614ജി, എൽ5എഫ് എന്നീ മാറ്റങ്ങളാണ് കണ്ടെത്തിയത്. ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. 

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച വൈറസ് സാംപിളുകളിൽ 99.4 ശതമാനത്തിൽ  ഡി614ജി എന്ന ജനിതകമാറ്റം കണ്ടെത്തി.   എൽ5എഫ് എന്നു പേരിട്ടിരിക്കുന്ന മറ്റൊരു മാറ്റവും ദൃശ്യമായി. ജനിതക ഘടനയിൽ അമിനോ അമ്ല കണ്ണികളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വ്യത്യാസം. 

കൊറോണ വൈറസുകളിലെ യൂറോപ്യൻ ഗണമെന്നു വിശേഷിപ്പിക്കപ്പെടുന്ന എ2എ ആണ് കേരളത്തിലുള്ളതെന്നാണ് കോഴിക്കോട്ടു നിന്നുള്ള സാംപിളുകളിൽ വ്യക്തമായത്. എ2എ ഗണം വൈറസിനെ നിർവചിക്കുന്ന ജനിതകമാറ്റം സംഭവിക്കുന്നത് എസ് (സ്പൈക്) പ്രോട്ടീനിലാണ് . 

സ്പൈക് പ്രോട്ടീൻ, മനുഷ്യശരീരത്തിലെ പ്രോട്ടീനുകളെയാണ് വൈറസിനു കയറിപ്പിടിക്കാനുള്ള തലമായി ഉപയോഗിക്കുന്നത്.  ഈ മാറ്റങ്ങൾ വൈറസ് വ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. എല്ലാ ജില്ലകളിൽ നിന്നും സാംപിൾ ശേഖരിച്ച് ശ്രേണീകരണം നടത്തിയാൽ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെക്കുറിച്ച് സമഗ്ര ചിത്രം ലഭിക്കുമെന്നും ഗവേഷകർ കരുതുന്നു. 

കോഴിക്കോട് മെഡിക്കൽ കോളജ്, സിഎസ്ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമികസ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി), അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച് എന്നിവ സംയുക്തമായിട്ടാണ് ​ഗവേഷണം നടത്തിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com