മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതില്‍ തെറ്റില്ല; ജലീലിനെ നശിപ്പിക്കുക എന്നത് യുഡിഎഫിന്റെ ആവശ്യം: മന്ത്രി ബാലന്‍

ഏജന്‍സികളുടെ മുന്നില്‍ പോകുന്നതും അവരുടെ ചോദ്യങ്ങള്‍ക്ക്ഉത്തരം നല്‍കുന്നതും എങ്ങനെ കുറ്റമാകും?
മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതില്‍ തെറ്റില്ല; ജലീലിനെ നശിപ്പിക്കുക എന്നത് യുഡിഎഫിന്റെ ആവശ്യം: മന്ത്രി ബാലന്‍

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് നിയമ മന്ത്രി എ കെ ബാലന്‍. മതഗ്രന്ഥം സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

രാജ്യത്ത് അന്വേഷണ ഏജന്‍സിയും കോടതിയും സമന്‍സ് അയച്ചുകഴിഞ്ഞാല്‍ ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഗവര്‍ണറും ഒഴികെ ബാക്കിയുള്ള എല്ലാവരും ആ ഏജന്‍സിക്ക് മുന്നില്‍ പോകണം. ഏജന്‍സികളുടെ മുന്നില്‍ പോകുന്നതും അവരുടെ ചോദ്യങ്ങള്‍ക്ക്ഉത്തരം നല്‍കുന്നതും എങ്ങനെ കുറ്റമാകും? അന്വേഷണത്തിന്റെ ഭാഗമായി ചാര്‍ജ് ഷീറ്റ് നല്‍കി വിചാരണ നടത്തി കുറ്റക്കാരനെന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ അദ്ദേഹത്തെ ആരും രക്ഷിക്കില്ലല്ലോ?- മന്ത്രി ചോദിച്ചു. 

ജലീലിന്റെ പ്രശ്‌നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജലീലിനെ നശിപ്പിക്കുക എന്നത് ലീഗിന്റെയും യുഡിഎഫിന്റെയും ലക്ഷ്യമാണ്. അതിപ്പോള്‍ ബിജെപിയും ഏറ്റെടുത്തിരിക്കുന്നു. ജലീലിന് എതിരെ ആദ്യംമുതല്‍ നടക്കുന്നത് സംഘടിത ആക്രമണമാണ്. പ്രതിപക്ഷവും ബിജെപിയും തീകൊണ്ട് തലചൊറിയുകയാണ്. കേരള ജനതയെ മരണത്തിന്റെ കുഴിയിലേക്ക് തള്ളി വിടുകയാണ്. കോവിഡിന്റെ സമ്പര്‍ക്ക വ്യാപനം വര്‍ദ്ധിക്കാന്‍ കാരണം ബിജെപിയും യുഡിഎഫും നടത്തിയ സമരങ്ങളാണെന്നും വിമോചന സമരമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com