വാഹനം കുറുകെയിട്ടു;  നാടുനീളെയുള്ള പ്രതിഷേധം മറികടന്ന് കെടി ജലീല്‍ ഔദ്യോഗിക വസതിയിലെത്തി; തിരുവനന്തപുരത്ത്  സംഘര്‍ഷം

വഴിനീളെയുള്ള പ്രതിഷേധങ്ങളെ മറികടന്ന് മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി
വാഹനം കുറുകെയിട്ടു;  നാടുനീളെയുള്ള പ്രതിഷേധം മറികടന്ന് കെടി ജലീല്‍ ഔദ്യോഗിക വസതിയിലെത്തി; തിരുവനന്തപുരത്ത്  സംഘര്‍ഷം

തിരുവനന്തപുരം: വഴിനീളെയുള്ള പ്രതിഷേധങ്ങളെ മറികടന്ന് മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞു. പാരിപ്പള്ളിയില്‍ മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം ഇട്ടുതടഞ്ഞ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. 

തിരുവനന്തപുരത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തിവീശിയതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 

എന്നാല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജലീല്‍ തയ്യാറായില്ല. നിക്ക് പറയാനുള്ളതെല്ലാം ഫെയ്സ്ബുക്കില്‍ പറഞ്ഞിട്ടുണ്ടെന്ന് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ തവനൂരിലെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തയാറാക്കിയ പച്ചക്കറി തോട്ടം സന്ദര്‍ശിക്കവെയാണ് മാധ്യമങ്ങള്‍ മന്ത്രിയുടെ പ്രതികരണം തേടിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് വലയത്തിലാണ് ഞായറാഴ്ച വൈകീട്ടോടെ വളാഞ്ചേരിയില്‍ വീട്ടില്‍ നിന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്. 

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്നായിരുന്നു നേരത്തെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി വ്യക്തമാക്കിയിരുന്നത്. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com