സര്‍ക്കാരിന്റെ നേട്ടങ്ങളെ കരിവാരി തേക്കാന്‍ ശ്രമം ; മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങില്‍ രോഷാകുലനായി മുഖ്യമന്ത്രി

ജനങ്ങള്‍ ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പ്പിക്കുന്നവരല്ലയെന്ന് മുഖ്യമന്ത്രി
സര്‍ക്കാരിന്റെ നേട്ടങ്ങളെ കരിവാരി തേക്കാന്‍ ശ്രമം ; മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങില്‍ രോഷാകുലനായി മുഖ്യമന്ത്രി

തിരുവനന്തപുരം :  ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നേട്ടങ്ങളെ കരിവാരി തേക്കാനാണ് ശ്രമം നടക്കുന്നത്. നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോന്നി മെഡിക്കല്‍ കോളജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

നേട്ടങ്ങളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടത് ഇങ്ങനെ നാട് വളരുന്നതല്ല, ഈ നിലയില്‍ പുരോഗതി പ്രാപിക്കുന്നതല്ല. ജനങ്ങള്‍ ഏതെല്ലാം കാര്യങ്ങളില്‍ സന്തോഷിക്കുന്നോ, ആ കാര്യങ്ങള്‍ നടക്കാന്‍ പാടില്ലെന്നാണ് ചിന്തിക്കുന്നത്. ഇന്നത്തെ ഒരു മാധ്യമത്തിന്റെ തലക്കെട്ട് കണ്ടാല്‍ തോന്നുക ലൈഫ് മിഷന്‍ എന്നത് എന്തോ വലിയ കൈക്കൂലിയുടെയും കമ്മീഷന്റെയും രംഗമാണെന്നാണ്. ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷത്തി ഇരുപത്തി ആറായിരത്തിൽപ്പരം വീടുകള്‍ പൂര്‍ത്തിയാക്കി.

ജീവിതകാലത്ത് വീടുണ്ടാകുമെന്ന് കരുതാത്ത പല കുടുംബങ്ങളും ഇപ്പോള്‍ അതില്‍ താമസിക്കുകയാണ്. സ്വന്തം വീട്ടിലാണ് അവര്‍ കഴിയുന്നത്. അത് അഴിമതിയുടെ ഭാഗമാണോ, ഏതെങ്കിലും അഴിമതി അതില്‍ നടന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വീട് പൂര്‍ത്തിയാക്കിയത് സ്വാഭാവികമായും നാടിന്റെ നേട്ടമാണ്. രണ്ടേകാല്‍ ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വന്തം വീട്ടില്‍ കിടന്നുറങ്ങുന്നു. ബാക്കി വീടുകള്‍ പൂര്‍ത്തിയായി വരുന്നു. 

ആ നേട്ടം കരിവാരിത്തേക്കാനായി നെറികേടിന്റേതായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്. ഏതെങ്കിലും കരാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും വൃത്തികേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ആ ഭാഗത്ത് നില്‍ക്കേണ്ട കാര്യമാണ്. തലക്കെട്ട് കഴിഞ്ഞ് അവസാന വാചകത്തിലേക്ക് വരുമ്പോള്‍ ലൈഫ് മിഷന് ഇതുമായി ബന്ധമില്ലെന്ന് പറയുന്നു. മര്യാദയാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. 

ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്‌നത്തെക്കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിര്‍മ്മിച്ച പ്രക്രിയയെും ആകെ കരിവാരിത്തേക്കുന്നത് ശരിയാണോയെന്ന് ആലോചിക്കണം. ഇതാണ് ഇപ്പോള്‍ നടക്കുന്നത്. ശരിയായ കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കണമെന്ന മാനസികാവസ്ഥക്കാരാണ് ഈ തരത്തിലുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് അവര്‍ കരുതുന്നത്. ജനങ്ങള്‍ ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പ്പിക്കുന്നവരല്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നാമിപ്പോള്‍ കോവിഡുമായുള്ള പോരാട്ടത്തിലാണ്. മഹാമാരിയുടെ ഭാഗമായി രോഗവ്യാപനം കൂടുന്നു. നേരത്തെ കോവിഡിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. അങ്ങനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതിലായിരുന്നു ഇത്തരക്കാര്‍ക്ക് വിഷമം. നാലര വര്‍ഷക്കാലം കൊണ്ട് ആരോഗ്യമേഖലയ്ക്ക് വന്ന വളര്‍ച്ച നമ്മുടെ കണ്‍മുന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളാണ്. ആ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേര്‍ക്ക് ആര്‍ക്കെങ്കിലും കണ്ണടയ്ക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങളും രാജ്യവും ലോകവും അംഗീകരിക്കുമ്പോഴും, ഞങ്ങള്‍ക്ക് ഇതൊന്നും അംഗീകരിക്കാനാവില്ലെന്ന മാനസികാവസ്ഥയോടെ നടക്കുന്ന ഒരു കൂട്ടര്‍ ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com