സ്വപ്‌ന ഫോണില്‍ ബന്ധപ്പെട്ടത് ഭരണതലത്തിലെ ഉന്നതനെ ?; ചോദ്യം ചെയ്യലില്‍ പറയേണ്ട മറുപടികള്‍ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ട്

എന്‍ഫോഴ്‌സ്‌മെന്റിന് സ്വപ്ന നല്‍കിയ മൊഴി എന്താണെന്നാണ് സന്ദേശത്തില്‍ ഉന്നതന്‍ ആരാഞ്ഞത്
സ്വപ്‌ന ഫോണില്‍ ബന്ധപ്പെട്ടത് ഭരണതലത്തിലെ ഉന്നതനെ ?; ചോദ്യം ചെയ്യലില്‍ പറയേണ്ട മറുപടികള്‍ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ട്

തൃശ്ശൂര്‍: നെഞ്ചുവേദനയെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ഫോണില്‍ ബന്ധപ്പെട്ടത് ഭരണതലത്തിലെ ഉന്നതനുമായെന്ന് സൂചന. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിക്കുകയും അതിന് റെക്കോഡ് ചെയ്ത് മറുപടി നല്‍കുകയുമാണ് ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഉന്നതന്റെ മൊബൈലില്‍ നിന്നയച്ച സന്ദേശം മറ്റൊരു മൊബൈല്‍ ഫോണിലാക്കിയാണ് സ്വപ്നയുടെ അടുത്തുണ്ടായിരുന്ന ആളുടെ ഫോണിലേക്കയച്ചത്. എന്‍ഫോഴ്‌സ്‌മെന്റിന് സ്വപ്ന നല്‍കിയ മൊഴി എന്താണെന്നാണ് സന്ദേശത്തില്‍ ഉന്നതന്‍ ആരാഞ്ഞത്. ഇതിനു മറുപടിയാണ് സ്വപ്ന നല്‍കിയത്. 

ഇനി ചോദ്യം ചെയ്യുകയാണെങ്കില്‍ പറയേണ്ട കാര്യങ്ങള്‍ വിവരിച്ചുള്ളതായിരുന്നു അടുത്ത സന്ദേശം. ദൈര്‍ഘ്യമേറിയ ഈ സന്ദേശത്തിന് സ്വപ്ന മറുപടി നല്‍കിയില്ല. സ്വപ്നയും ഉന്നതനും ഫോണിലൂടെ നേരിട്ട് സംസാരിച്ചിട്ടില്ല എന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

സ്വപ്നയുടെ സമീപത്ത് ഡ്യൂട്ടിചെയ്യുന്നവരുടെ മൊബൈലുകള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ തവണ ആശുപത്രിയില്‍ കിടന്നപ്പോള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ പക്കല്‍ നിന്നും വീട്ടിലേക്കു വിളിക്കാനാണെന്നു പറഞ്ഞാണ് സ്വപ്ന ഫോണ്‍ വാങ്ങിയത്. വനിതാ ജയിലില്‍നിന്ന് പുറത്തുപോകുമ്പോള്‍ കേരള പോലീസിന്റെ സംരക്ഷണയിലായിരുന്നു സ്വപ്ന. സംസ്ഥാന പോലീസിന്റെ നീക്കങ്ങളും എന്‍ഐഎ നിരീക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com