ദിവസങ്ങള്‍ നീണ്ട ആസൂത്രണം, തലേന്നും പുഴക്കരയിലെത്തി ; പദ്ധതിയിട്ടത് പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ കല്ലുകെട്ടി നദിയില്‍ താഴ്ത്താന്‍ ; രാജന്റെ മൊഴി നിര്‍ണായകമായി

ഉണ്ണികൃഷ്ണന്‍ നദിയുടെ തീരത്തുനിന്ന് കയറിവരുന്നതു കണ്ടതായി പരിസരവാസിയായ രാജന്‍ പൊലീസിനു മൊഴി നല്‍കി
ദിവസങ്ങള്‍ നീണ്ട ആസൂത്രണം, തലേന്നും പുഴക്കരയിലെത്തി ; പദ്ധതിയിട്ടത് പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ കല്ലുകെട്ടി നദിയില്‍ താഴ്ത്താന്‍ ; രാജന്റെ മൊഴി നിര്‍ണായകമായി

തിരുവനന്തപുരം :  പാച്ചല്ലൂരില്‍ നൂലുകെട്ട് ദിവസം കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൃത്യം നടത്തിയതെന്ന് പൊലീസ്. കുടുംബപ്രശ്‌നങ്ങളാണ് കുട്ടിയുടെ കൊലപാതകത്തിലേക്കു നയിച്ചത്. തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും പരിസരവാസിയായ രാജന്റെ മൊഴി നിര്‍ണായകമായതായി അന്വേഷണ സംഘം വെളിപ്പെടുത്തി. 

ഉണ്ണികൃഷ്ണന്‍ നദിയുടെ തീരത്തുനിന്ന് കയറിവരുന്നതു കണ്ടതായി പരിസരവാസിയായ രാജന്‍ പൊലീസിനു മൊഴി നല്‍കിയതോടെയാണ് നദിയില്‍ തിരച്ചില്‍ നടത്തി കുട്ടിയുടെ ശരീരം കണ്ടെത്തിയത്. പുഞ്ചക്കരി വാര്‍ഡിലെ വള്ളത്തിന്‍ കടവ് ഭാഗത്താണ് കുട്ടിയെ ഉപേക്ഷിച്ചത്. ബന്ധുവീട്ടില്‍ പോകാനായി ഇങ്ങിയപ്പോള്‍ ഒരു ബൈക്ക് നദിയുടെ തീരത്ത് നിര്‍ത്തിയിരിക്കുന്നതു കണ്ടാണ് സംശയം തോന്നിയതെന്നു രാജന്‍ പറഞ്ഞു.

ആളെ കാണാത്തതിനാല്‍ ബൈക്കിനടുത്തു കാത്തുനിന്നു. പിന്നീട് തന്റെ വണ്ടിയുടെ ഹോണ്‍ അടിച്ചപ്പോള്‍ ഉണ്ണികൃഷ്ണന്‍ നദീതീരത്തുനിന്നു മുകളിലേക്കു കയറിവന്നു. എന്താണ് ഇവിടെ എന്നു ചോദിച്ചപ്പോള്‍ മാലിന്യം കളയാന്‍ വന്നതാണെന്നും കാല്‍തെറ്റി നദിയിലേക്കുപോയതാണെന്നും മറുപടി നല്‍കി. ഉണ്ണികൃഷ്ണന്റെ കയ്യില്‍ തുണികളുണ്ടായിരുന്നു. അതിനുശേഷം ബൈക്കില്‍ ഉണ്ണികൃഷ്ണന്‍ സ്ഥലത്തുനിന്നു മടങ്ങി. 

വണ്ടി നമ്പര്‍ ശ്രദ്ധിച്ചിരുന്നുവെന്നും രാജന്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി പൊലീസ് സ്ഥലത്തെത്തി സംഭവത്തെപ്പറ്റി പറയുകയും, ആരെങ്കിലും ബൈക്കില്‍ വന്ന ആളെ കണ്ടോയെന്നും പ്രദേശവാസികളോട് ചോദിച്ചു. അപ്പോഴാണ് ഉണ്ണികൃഷ്ണനെ കണ്ടകാര്യം രാജന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. 

നദിയിലേക്ക് ഇറങ്ങാന്‍ കഴിയാത്തതിനാല്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. അരമണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്. നേരത്തെ നദിയില്‍ ബൈക്ക് ചവിട്ടിതാഴ്ത്തിയ സംഭവം ഉള്ളതിനാലും, ആളൊഴിഞ്ഞപ്രദേശം ആയതിനാലുമാണ് ഉണ്ണികൃഷ്ണനോട് വിവരങ്ങള്‍ ആരാഞ്ഞതെന്നു രാജന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ സംഭവത്തിന്റെ തലേദിവസവും നദിയുടെ തീരത്തു വന്നിരുന്നുവെന്നും രാജന്‍ പറഞ്ഞു. 

കുട്ടിയുടെ ശരീരത്തില്‍ കല്ലുകെട്ടി നദിയില്‍ താഴ്ത്താനായിരുന്നു ഉണ്ണികൃഷ്ണന്റെ പദ്ധതി. രാജന്‍ സ്ഥലത്തെത്തിയതോടെ പദ്ധതി ഉപേക്ഷിച്ച് നദിയിലേക്കു കുട്ടിയെ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി ഏഴു മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഭാര്യ തിരുവല്ലം പൊലീസിനു നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com