ബുള്ളറ്റ് മോഷ്ടിച്ച് കോവിഡ് സെന്ററില്‍ നിന്ന് പീഡനക്കേസ് പ്രതി മുങ്ങി; കാട്ടില്‍ ഭക്ഷണപ്പൊതി എത്തിച്ച് നല്‍കി ഭാര്യ; തന്ത്രപൂര്‍വം പൊലീസ് പൊക്കി

ഭാര്യ ഭക്ഷണപ്പൊതികളുമായി പുറത്തു പോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭാര്യവീട്ടിന് സമീപത്തെ കാട്ടിലെ രഹസ്യസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചത്
ബുള്ളറ്റ് മോഷ്ടിച്ച് കോവിഡ് സെന്ററില്‍ നിന്ന് പീഡനക്കേസ് പ്രതി മുങ്ങി; കാട്ടില്‍ ഭക്ഷണപ്പൊതി എത്തിച്ച് നല്‍കി ഭാര്യ; തന്ത്രപൂര്‍വം പൊലീസ് പൊക്കി

കോഴിക്കോട്: കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും കടന്നുകളഞ്ഞ പീഡനക്കേസ് പ്രതി പൊലീസ് പിടിയില്‍. മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കതിരൂരിലുള്ള കാട്ടിലെ രഹസ്യസങ്കേതത്തില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ പൊലീസ് പിടികൂടിയത്. ഈസ്റ്റ്ഹില്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന്  ഈ മാസം 20ന് രാത്രിയാണ് പ്രതി കടന്നത്.

ഇയാള്‍ രക്ഷപ്പെട്ട ദിവസം പുതിയങ്ങാടിയിലെ റെയില്‍വെ ലൈനിനടുത്തുനിന്ന് ബുള്ളറ്റ് മോഷണം പോയിരുന്നു. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതില്‍ പ്രതി മൂജീബ് റഹ്മാനാണെന്ന് തിരിച്ചറിഞ്ഞു. ഭാര്യ ഭക്ഷണപ്പൊതികളുമായി പുറത്തു പോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭാര്യവീട്ടിന് സമീപത്തെ കാട്ടിലെ രഹസ്യസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചത്.

വൈദ്യപരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിരവധി വാഹനമോഷണ -ലഹരികടത്തുകേസുകളിലും പ്രതിയാണ്. മുക്കത്തെ മുത്തേരിയില്‍ 65 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം സ്വര്‍ണം കവര്‍ന്ന കേസില്‍ റിമാന്‍ഡില്‍ കഴിയവെയാണ് കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍  കെ അഷറഫിന്റെ മേല്‍നോട്ടത്തില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ കെ ബിശ്വാസ്, എസ്‌ഐമാരായ കൈലാസ് നാഥ്, സിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള  സംഘമാണ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ വേങ്ങര സ്വദേശി ജമാലുദ്ദീനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com