കണ്ണുനട്ട് 'കാത്തിരുന്നിട്ടും' നീതു വന്നില്ല ; വ്യാജ പ്രചാരണത്തിന്റെ മുനയൊടിച്ച് അനില്‍ അക്കര

'നീതു മോളെ കാണാന്‍ ഈ ചേച്ചിയും' എന്ന് പ്രഖ്യാപിച്ച് എംപി രമ്യ ഹരിദാസും കാത്തിരിപ്പിനെത്തിയിരുന്നു
കണ്ണുനട്ട് 'കാത്തിരുന്നിട്ടും' നീതു വന്നില്ല ; വ്യാജ പ്രചാരണത്തിന്റെ മുനയൊടിച്ച് അനില്‍ അക്കര

തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളില്‍ വൈറലായ നീതു ജോണ്‍സണ്‍ മങ്കര എന്ന പെണ്‍കുട്ടിക്കുവേണ്ടി അനില്‍ അക്കര എംഎല്‍എയും രമ്യ ഹരിദാസ് എംപിയും റോഡില്‍ കാത്തിരുന്നു. വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്‍ എങ്കക്കാട് മങ്കര റോഡില്‍ ഇന്നു രാവിലെ 9 മുതല്‍ അനില്‍ അക്കര എംഎല്‍എ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. നീതു കുറിപ്പില്‍ പറഞ്ഞ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവും എംഎല്‍എയ്ക്കും എംപിയ്ക്കുമൊപ്പം കാത്തിരുന്ന് വ്യാജപ്രചാരണത്തിന്റെ മുനയൊടിച്ചു. 

വിവാദമായ വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ആളാണ് താനെന്നും രാഷ്ട്രീയം കളിച്ച് നഗരസഭാ പുറമ്പോക്കില്‍ കഴിയുന്ന തങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കരുതെന്നും വിവരിച്ച് നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അനില്‍ അക്കരയ്ക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.  സിപിഎം സൈബര്‍ ഇടങ്ങളില്‍കൂടിയാണ് ഈ കത്ത് പ്രചരിച്ചത്. ഇതിലെ പൊള്ളത്തരം തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ് അനില്‍ അക്കര എംഎല്‍എ, കത്തില്‍ പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെ കൗണ്‍സിലര്‍ സൈറാബാനു തുടങ്ങിയവര്‍ രാവിലെ ഒമ്പതു മുതല്‍ 11 വരെ കാത്തിരുപ്പ് സമരം നടത്തിയത്. 

'നീതു മോളെ കാണാന്‍ ഈ ചേച്ചിയും' എന്ന് പ്രഖ്യാപിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസും അനില്‍ അക്കരയ്ക്കും കൗണ്‍സിലര്‍ക്കും ഒപ്പം കാത്തിരിപ്പിനെത്തിയിരുന്നു. നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും  ഈ വിഷയത്തില്‍ തന്നെ സമീപിക്കാമെന്നും അനില്‍ അക്കര എംഎല്‍എ അറിയിച്ചിരുന്നു. കുട്ടിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണു അനില്‍ അക്കരയും രമ്യയും കാത്തിരിപ്പ് അവസാനിപ്പിച്ചത്. കുട്ടിയെ കണ്ടെത്താനായി അനില്‍ അക്കര പൊലീസില്‍ പരാതി നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ പട്ടിക സംസ്ഥാന ലൈഫ് മിഷന്‍ ഇതുവരെ തയാറാക്കിയിട്ടില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും അനില്‍ അക്കര ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com